കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികളുടെ ഭൂസമരം ശക്തമാകുന്നു; വനംവകുപ്പ് നിസഹായാവസ്ഥയില്‍; സമരം തടഞ്ഞാല്‍ മറ്റ് ആദിവാസികളെക്കൂടെ കൂടി സമരം വ്യാപിപ്പിക്കുമെന്ന

PKAD-ADIVASIമംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികളുടെ ഭൂസമരം ശക്തമാകുമ്പോഴും എന്തു ചെയ്യണമെന്നറിയാതെ വനംവകുപ്പ് നിസഹായാവസ്ഥയില്‍. ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്കുന്നത് വനംവകുപ്പ് ഇടപെട്ട് തടഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ സംസ്ഥാന പട്ടികവര്‍ഗ മഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം ശക്തമാക്കിയിരിക്കുകയാണ്. സമരപന്തലിനു എതിര്‍വശത്തെ മലയിലെ മരങ്ങള്‍ മുറിച്ചു വനഭൂമി കൃഷിക്ക് ഒരുക്കുന്ന പണികള്‍ ഇന്നലെ മുതല്‍ തുടങ്ങി. ചടച്ചി, കരിവാക, വട്ട, വന്‍തേക്ക് തുടങ്ങി മുപ്പതോളം മരങ്ങള്‍ മുറിച്ചതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

വന്‍മരങ്ങളുടെ കൊമ്പുമുറിച്ചു കുരുമുളകു കൃഷിക്ക് പാകപ്പെടുത്തുകയും അടിക്കാട് തെളിയിക്കലും നടക്കുന്നു. കൃഷിയിറക്കുന്നതിനു വനംവകുപ്പോ പോലീസോ തടസംനിന്നാല്‍ പുറമേയുള്ള ഊരുകളില്‍നിന്നും കൂടുതലാളുകളെകൊണ്ടുവന്ന് ഭൂസമരം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സമരപന്തലിനു പിറകില്‍ ഒരേക്കറിലധികം സ്ഥലത്ത് ഇപ്പോള്‍ കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളുണ്ട്. കപ്പയും മറ്റും വിളവെടുപ്പ് തുടങ്ങി.  പട്ടികവര്‍ഗ മഹാസഭ കടപ്പാറ യൂണിറ്റ് പ്രസിഡന്റും ഊരുമൂപ്പനുമായ സി.വേലായുധന്‍, ചിറ്റൂര്‍ താലൂക്ക് പ്രസിഡന്റ് മുതലമടയിലെ വി.രാജു, മഹാസഭ തൃശൂര്‍ ജില്ലാ പ്രസിഡന്റ് സജീവന്‍ കള്ളിച്ചിത്ര, സെക്രട്ടറി രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

കഴിഞ്ഞ ജനുവരി 15 മുതലാണ് ഭൂമിക്കും വീടിനുമായി മൂര്‍ത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങള്‍ ഇവിടെ വനഭൂമി കൈയേറി പന്തല്‍കെട്ടിസമരം തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി കൃഷിയിറക്കുന്നതിനു മരങ്ങള്‍ മുറിച്ചപ്പോള്‍ കളക്ടറും ഡിഎഫ്ഒയും പട്ടികവര്‍ഗ വകുപ്പും പോലീസുമെല്ലാം ഇടപെട്ട് കൈയേറിയ ഭൂമി ആദിവാസികള്‍ക്ക് തന്നെ നല്കുന്നതിനുള്ള നടപടി സ്വീകരിച്ചു.മാസങ്ങളേറെ നീണ്ട സമരത്തിനൊടുവില്‍ ഓരോ കുടുംബത്തിനു ഭൂമിതരം തിരിച്ചു നല്കുന്നതിനായുള്ള മറ്റുനടപടികള്‍ പൂര്‍ത്തിയാക്കി സമരപന്തലില്‍ അധികൃതര്‍ സര്‍വേക്കല്ലും ഇറക്കി. അപ്പോഴാണ് വനംവകുപ്പ് ഭൂമി നല്കുന്നതിനു തടസവാദവുമായി രംഗത്തെത്തിയത്.

മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ പൂര്‍വികരായി താമസിച്ചുവന്നിരുന്നുവെന്നതിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനംവകുപ്പിന്റെ എതിര്‍പ്പ്. എന്നാല്‍ ഈ വാദം തങ്ങളെ വഞ്ചിക്കലാണെന്നു ചൂണ്ടിക്കാട്ടി ആദിവാസികളും സംഘടിപ്പിച്ചു. ഭൂമി നല്കുന്നതു സംബന്ധിച്ച് വനാവകാശ നിയമപ്രകാരമുള്ള ജില്ലാ ലെവല്‍ കമ്മിറ്റി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നപ്പോഴെല്ലാം ഭൂമിനല്കാന്‍ തടസം പറയാതിരുന്ന വനംവകുപ്പ് ഏറ്റുവുമൊടുവില്‍ തടസം ഉന്നയിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആദിവാസികള്‍ പറയുന്നു.

എന്തായാലും വനഭൂമിയാണെന്നു പറയുന്ന സ്ഥലത്തുനിന്നും മരങ്ങള്‍ മുറിക്കുന്നതു തടയാനോ നടപടിയെടുക്കാനോ കഴിയാതെ വനംവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. ആദിവാസികള്‍ക്കെതിരേ എന്തെങ്കിലും നടപടിയുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങളും കടുത്തതാകുമെന്നാണ് നിലവിലെ സൂചനകള്‍.

Related posts