പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. രാജ്യത്തിന്റെ മൊത്തം സാമ്പത്തികാവസ്ഥയെ അത് പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്.
ചിലരെങ്കിലും അവകാശപ്പെടുന്നതുപോലെ ദരിദ്രരെ മാത്രമല്ല നോട്ട് നിരോധനം അലട്ടിയത്. എല്ലാ മേഖലയെയും ബാധിച്ച കൂട്ടത്തില്‍ നോട്ട് നിരോധനം ബാധിച്ച രണ്ട് സിനിമാ താരങ്ങളുമുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറും ശില്പാ ഷെട്ടിയുമാണ് ആ താരങ്ങള്‍.
അക്ഷയ്കുമാറും ശില്പാ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും ചേര്‍ന്ന് ആരംഭിച്ച ബെസ്റ്റ് ഡീല്‍ ടിവിയെന്ന ചാനല്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് അടച്ചു പട്ടല് ഭീഷണി നേരിടുകയാണ്. ഷോപ്പിംഗ് ടിവി ചാനലായ ഇവരുടെ ചാനലിന് നോട്ട് നിരോധനത്തിന് ശേഷം വന്‍ വരുമാന ഇടിവാണ് സംഭവിച്ചത്.
ടിവിയില്‍ ഷോ കണ്ടതിന് ശേഷം ഓര്‍ഡര്‍ ചെയ്താല്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കുന്ന വ്യാപാരമായിരുന്നു ഇവര്‍ നടത്തിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഫോണ്‍ വിളികള്‍ കാര്യമായി കുറഞ്ഞെന്നും ഇപ്പോഴത്തെ നില വച്ച് ടിവി ചാനല്‍ കൊണ്ടു നടക്കാന്‍ സാധിക്കില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഒക്ടോബറില്‍ 4.5 കോടി രൂപയുടെ കച്ചവടം നടന്ന കമ്പനിയില്‍ നവംബര്‍ മാസം നടന്നത് വെറും 1 കോടിയില്‍ താഴെ രൂപയുടെ കച്ചവടമാണ്. അതായത് , ഒക്ടോബറില്‍ നടന്ന കച്ചവടത്തിന്റെ 20 ശതമാനം പോലും നവംബറിലുണ്ടായില്ലെന്നാണ് ചാനലിന്റെ സിഇഒ ഹരി ത്രിവേദി പറയുന്നത്.
ഇതേത്തുടര്‍ന്ന് രണ്ട് മാസത്തേയ്ക്ക് ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കാര്യങ്ങള്‍ നല്ല രീതിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.