കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചെറുവട്ടൂര്‍ കവലയ്ക്ക് സമീപം കാഞ്ഞിരത്തും വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ മകന് പരികുഞ്ഞ് (30) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 20 ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പരികുഞ്ഞ് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ വ്യാഴാഴ്ച നെല്ലിക്കുഴിയില്‍ തണ്ടിയേക്കല്‍ അലി(43) മരിച്ചിരുന്നു. 226 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും രോഗം നിയന്ത്രണ വിധേയമായെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരണം സംഭവിച്ചിരിക്കുന്നത്.
ചെറുവട്ടൂര്‍ കവലയില്‍ അലൂമിനിയം ഫേബ്രിക്കേഷന്‍ വര്‍ക്ക് നടത്തുന്ന സ്ഥാപനം നടത്തി വരികയായിരുന്ന പരികുഞ്ഞിന് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മുവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: ഇന്ഷ അയിരൂര്‍പ്പാടം സെയ്തുകുടി കുടുംബാംഗമാണ്. മക്കള്‍: ഇഷാല്‍ (അഞ്ച് വയസ്) ഫാത്തിമ (അഞ്ചു മാസം) സംസ്ക്കാരം ഇന്ന് രാവിലെ പൂവത്തൂര്‍ ജുമാ മസ്ജിദില്‍ നടത്തും.