ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ റദ്ദാക്കിയതിന്റെ നേട്ടം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും. രാജ്യത്തെ വിവിധ മേഖലകളില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കലുകളും തൊഴില്‍ നഷ്ടപ്പെടലും വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളുടെയും മറ്റും നേട്ടം.
നവംബറില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രീമിയം പിരിവ് രണ്ടു മടങ്ങായി ഉയര്‍ന്നു. അതേസമയം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നാലു മടങ്ങുവരെ വര്‍ധനയുണ്ടായി. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ മൊത്തം പ്രീമിയം ശേഖരണത്തില്‍ നവംബറില്‍ 29 ശതമാനം വര്‍ധിച്ച് 16,061 കോടി രൂപയായി. തലേ വര്‍ഷം ഇത് 7,553 കോടിയായിരുന്നു.
ഇന്‍ഷ്വറന്‍സ് പ്രീമിയം ശേഖരണം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയില്‍ ഏറിയപങ്കും ചെക്ക് വഴിയുള്ള ഇടപാടുകളാണ് നടന്നത്. കറന്‍സി ദൗര്‍ലഭ്യമാണ് ഇതിനു കാരണം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചതു ധനകാര്യസേവനങ്ങള്‍ നല്കുന്ന കമ്പനികളുടെ നേട്ടത്തിനുവേണ്ടിയാണെന്ന വാദം ശക്തമാണ്.