പുലിവാലു പിടിച്ച് കമല്‍; ദേശീയഗാനം ആലപിക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍ കേസ് കൊടുപ്പിച്ചത് കമലെന്ന് മാക്ട, കമല്‍ സ്വജന പക്ഷപാതം കാണിച്ചെന്നും ആരോപണം

kamal-director.650തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരേ ആരോപണങ്ങളുമായി മാക്ടാ ഫെഡറേഷന്‍ രംഗത്ത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ) ദേശീയഗാനം ആലപിക്കണമെന്നാണു വകുപ്പ് മന്ത്രിയുടെ നിലപാടെങ്കില്‍ അതിനു വിരുദ്ധമാണു ചെയര്‍മാന്റെ നിലപാടെന്നും മാക്ട പറയുന്നു. ദേശീയ ഗാനം ആലപിക്കാതിരിക്കാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയെ കൊണ്ടു സുപ്രീം കോടതിയില്‍ കേസു നല്‍കിയതിന്റെ പിന്നില്‍ കമലാണെന്നു ഫെഡറേഷന്‍ നേതാക്കള്‍ ആരോപിച്ചു.

അക്കാദമി ചെയര്‍മാന്‍ കമല്‍ സ്വജനപക്ഷപാതം കാണിക്കുന്നുവെന്നാണ് അടുത്ത ആരോപണം. സംവിധായകന്‍ വിനയനോടുള്ള വൈരാഗ്യം കൊണ്ടാണു മേളയില്‍ നിന്ന്് മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയെ ഒഴിവാക്കിയത്. വാസന്തിയും ലക്ഷ്മിയും കഴിഞ്ഞാല്‍ വിനയന്റെ തന്നെ കരുമാടിക്കുട്ടനായിരുന്നു മണിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. എന്നാല്‍ മണിയുടെ അത്ര ശ്രദ്ധിക്കപ്പെടാത്ത ചിത്രമായ ആയിരത്തിലൊരുവന്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായ സിബി മലയിലിന്റെ  സിനിമയായതിനാലാണ്  മേളയിലേക്ക് തെരഞ്ഞെടുത്തതെന്ന് ഫെഡറേഷന്‍ ജന.സെക്രട്ടറി ബൈജു കൊട്ടാരക്കര ആരോപിച്ചു.

ഒരേസമയം ഫെഫ്ക പ്രസിഡന്റ് സ്ഥാനവും അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്ന കമല്‍ ഏതെങ്കിലും ഒരു സ്ഥാനം രാജി വെയ്ക്കാന്‍ തയ്യാറാകണം. ഈ വിഷയത്തില്‍ സാംസ്കാരിക മന്ത്രി ഇടപെടണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

അന്തരിച്ച നടി കല്‍പന, നടന്‍ ജിഷ്ണു രാഘവന്‍ എന്നിവരുടെ ബന്ധുക്കളെ അക്കാദമി, അനുസ്മരണ പരിപാടിയിലേക്കു ക്ഷണിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ ബന്ധുക്കളെ അവഗണിച്ചത് നീതികേടാണ്. ഫെഡറേഷനും സംഘടനകളും ചേര്‍ന്നു നാളെ ചലച്ചിത്ര മേള നടക്കുന്ന കൈരളി നിള തിയറ്ററുകള്‍ക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

Related posts