ചേര്‍ത്തല: ഭരണാനുമതിയും ടെക്നിക്കല്‍ അനുമതിയും ലഭിച്ച റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് അനുവദിച്ച ഫണ്ട് പിന്‍വലിച്ച നടപടിക്കെതിരേ ജനകീയ പ്രതിഷേധം. നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ റോഡില്‍ റീത്തുവെച്ച് പ്രതിഷേധിച്ചു.ചേര്‍ത്തല നഗരസഭ 11–ാം വാര്‍ഡിലെ മാലിച്ചിറ ഹൗസിംഗ് കോളനി റോഡിലാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തകര്‍ന്നു കിടക്കുന്ന റോഡ് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഏറെ നാളായി നാട്ടുകാര്‍ പ്രക്ഷോഭത്തിലായിരുന്നു. തുടര്‍ന്നാണ് റോഡ് ടാറിംഗിനു ഒമ്പതുലക്ഷം രൂപ അനുവദിച്ചത്.
തുടര്‍ന്ന് ചേര്‍ത്തല നഗരസഭ എന്‍ജിനിയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കി കളക്ടറേറ്റില്‍ നല്‍കുകയും തുടര്‍ന്നു സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാന്‍ ദിവസങ്ങള്‍ അവശേഷിക്കെയാണു ഫണ്ട് പിന്‍വലിച്ചതായി അറിയിപ്പ് ലഭിച്ചതെന്ന് കൗണ്‍സിലര്‍ പി. ജ്യോതിമോള്‍ പറഞ്ഞു. പൗരസമിതി ഭാരവാഹികളായ എസ്. പ്രകാശന്, എസ്. പ്രദീപ്, പി. അനില്‍കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.