കൊച്ചി: ചെറിയ ഇടവേളയ്ക്കുശേഷം കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവമാകുന്നു. കഴിഞ്ഞ വര്‍ഷം രാഹുല്‍ പശുപാലനും രശ്മിയും അടക്കമുള്ള വന്‍ ഓണ്‍ലൈന്‍ വാണിഭക്കാരെ പിടികൂടിയതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കുറവുവന്നിരുന്നു. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയുംകൂടി ചെയ്തതോടെ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമായിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് അടുത്തടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ പോലീസിന്റെ പിടിയിലായത് ഇതിനുദാഹരണമാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ പിടിയിലായത് രണ്ടുസംഘങ്ങള്‍
കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ രണ്ടു ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളാണ് പോലീസിന്റെ പിടിയിലായത്. കലൂരില്‍ വാടകവീടു കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘത്തെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് പോലീസ് പിടികൂടിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപം എരൂര്‍ വസുദേവ് റോഡില്‍ വാടകവീടു കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭസംഘമാണ് പോലീസ് പിടിയിലായത്. ഏലൂര്‍ കമ്പനിപ്പടി സ്വദേശി ജയേഷ് (37), തൊടുപുഴ ചിറ്റൂര്‍ സ്വദേശി കൃഷ്ണതീര്‍ത്തം ബാബു (35), തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി പുതിയകുന്നേല്‍ സുനീര്‍(35) ബംഗളൂരു, തൃശൂര്‍ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതികളായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണ്.
ഇന്നലെയാണ് തമ്മനം കാരണക്കോടം സംഗീതാ കമ്പനിക്കു സമീപം വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ദമ്പതികളുള്‍പ്പടെയുള്ളവരെ പിടികൂടിയത്. റെയ്ഡില്‍ മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കലൂര്‍ വല്ലേപ്പറമ്പില്‍ വി.പി.ദിനു(32), ഭാര്യ അനു ദിനു(25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്. നോര്‍ത്ത് സിഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പുതിയ വഴികള്‍
മുമ്പ് ലൊക്കാന്റോ പോലുള്ള വെബ്‌സൈറ്റുകളായിരുന്നു പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അത് കൊച്ചിന്‍ എസ്‌കോര്‍ട്ട് പോലുള്ള സൈറ്റുകളായി. ഇത്തരം സൈറ്റുകളില്‍ ഫോണ്‍ നമ്പര്‍ നല്‍കുകയാണ് പുതിയ രീതി. മറ്റു വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കും. എന്നാല്‍, മുന്‍ കേസുകളില്‍ തങ്ങളുമായി ബന്ധപ്പെട്ടാല്‍ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും എത്തിച്ചു നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുകയായിരുന്നു. ഫോട്ടോ നോക്കി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നാണ് വാഗ്ദാനം.
ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സൈറ്റില്‍ നല്‍കിയിട്ടുണ്ടാകും. ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നവരെ സംഘങ്ങള്‍ തങ്ങളുടെ സ്വന്തം വാഹനത്തില്‍ കൂട്ടികൊണ്ടുവരും. ഇവരെ പിടികൂടിയതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരുന്നു. രാഹുല്‍ പശുപാലനും രശ്മിയും ഫേസ്ബുക്കില്‍ പേജുകളുണ്ടാക്കിയായിരുന്നു ഇരകളെ ആകര്‍ഷിച്ചുകൊണ്ടിരുന്നത്. ഹൈടെക് പെണ്‍വാണിഭത്തിന്റെ കണ്ണികളായിരുന്നു രാഹുല്‍ പശുപാലനും രശ്മിയും. ഇതുവരെ പറഞ്ഞു കേട്ടതില്‍ തന്നെ മികച്ച ആസൂത്രണമൊക്കെ ആയിരുന്നു ഇവരുടെ സംഘത്തിന്റേത്. ഫേയ്‌സ്ബുക്കില്‍ കൊച്ചു സുന്ദരികള്‍, കൊച്ചി പെണ്‍കുട്ടികള്‍ തുടങ്ങിയ പേരില്‍ പേജുകള്‍ സൃഷ്ടിച്ചായിരുന്നു ഇവര്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്.
രാഹുല്‍ പശുപാലനും രശ്മിയും
ചുംബന സമരത്തിന്റെ മുന്‍നിരക്കാരായ കൊല്ലം നെടുമ്പന സ്വദേശി രാഹുല്‍ പശുപാലനും(29) ഭാര്യയും മോഡലുമായ രശ്മി(27)യും ഉള്‍പ്പെട്ട ആറംഗ സംഘം കഴിഞ്ഞ നവംബറിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായത്. കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ ഖാദര്‍ എന്ന അക്ബര്‍(31), എറണാകുളം സ്വദേശി അജീഷ്(21), പാലക്കാട് സ്വദേശി ആഷിക്(34) ബംഗളുരുവില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ച ബംഗളുരു ലിംഗരാജപുരം സ്വദേശിനിയും ഇടനിലക്കാരിയുമായ ലെനീഷ് മാത്യു(39) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. റെയ്ഡിനിടെ ക്രൈം ബ്രാഞ്ച് എസ്‌ഐയെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച് സംഘത്തിലെ പ്രമുഖനായ അച്ചായന്‍ എന്നറിയപ്പെടുന്നയാളും രണ്ടു സ്ത്രീകളും രക്ഷപ്പെട്ടു.
ഇവരെ പിന്നീട് പിടികൂടി. വാണിഭസംഘം ബംഗളുരുവില്‍നിന്നു കൊച്ചിയിലെത്തിച്ച രണ്ടു വനിതകളെ പോലീസ് രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫേയ്‌സ് ബുക്കില്‍ കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ അശ്ലീല പേജ് ആരംഭിച്ച മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മര്‍(28), അതില്‍ അശ്ലീല കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി വിജേഷ്(20),തൃശൂര്‍ സ്വദേശി സുജിത്(28), എറണാകുളം സ്വദേശി സോണി കുര്യന്‍(26), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ചന്ദ്രകുമാര്‍(36), കോട്ടയം സ്വദേശി പ്രദീപ് എന്നിവരും അറസ്റ്റിലായിരുന്നു. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു ഇവരെ പിടികൂടിയത്.
ഓപ്പറേഷന്‍ ബിഗ് ഡാഡി
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനു തടയിടാനാണ് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ നവംബറില്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഒരു പ്രത്യേക സംഘം രൂപികരിച്ചത്. ഐജി ശ്രീജിത്തിനായിരുന്നു സംഘത്തിന്റെ ചുമതല. ഈ സംഘത്തിന്റെ പ്രവര്‍ത്തനം ഫലപ്രദമായിരുന്നു. ഈ പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ പശുപാലന്‍ അടക്കമുള്ള സംഘത്തെ പിടികൂടിയത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി നിലനിന്നിരുന്ന സംഘമായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങളെ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലൂടെ പിടികൂടി. ഏകദേശം 50 ഓളം പേര്‍ വിവിധ കേസുകളിലായി പിടിയിലായി. വിദേശികള്‍ മുതല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ഉപയോഗിച്ചു നടത്തിയിരുന്ന പെണ്‍വാണിഭം വരെ ഈ സംഘം പിടികൂടി. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കൊച്ചിയില്‍ ഇത്ര സജീവമായിരുന്നിട്ടും ഇതിനെ ഫലപ്രദമായി തടയാന്‍ പോലീസിനു സാധിക്കുന്നില്ലെന്നും ആക്ഷേപ ഉയര്‍ന്നിട്ടുണ്ട്. ഓപ്പറേഷന്‍ ബിഗ് ഡാഡി പോലുള്ള പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കാനാവാത്തത് പരിമിതി
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്നതിനുള്ള പരിമിതികളാണ് ഒരു പരിധിവരെ ഇത്തരം സംഘങ്ങളെ തടയാന്‍ പോലീസിനു കഴിയാതെ പോകുന്നതിനു പിന്നിലെന്ന് എറണാകുളം നോര്‍ത്ത്‌സിഐ ടി.ബി. വിജയന്‍ പറഞ്ഞു. കൂടാതെ മുമ്പ് ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്നു വന്ന വാണിഭം ഇപ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ച നടക്കുന്നു. വീടുകളില്‍ പരിശോധനകള്‍ നടത്തുന്നതിന് പോലീസിന് പരിമിതികളുണ്ട്. തെറ്റായ വിവരമാണെങ്കില്‍ അത് ആ വീടിനെ ബാധിക്കും.
എല്ലാ വീടുകളെയും നിരീക്ഷിക്കുക പ്രായോഗികവുമല്ല. എന്നാല്‍ വീടുകള്‍ വാടകയ്ക്കു കൊടുക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം ആരാണ് എന്താണ് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച ശേഷമെ വീടുകള്‍ നല്‍കാന്‍ പാടൊള്ളു. സംശയങ്ങള്‍ തോന്നിയാല്‍ പോലീസിനെ അറിയിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങള്‍ പെട്ടെന്ന് വീടുകള്‍ മാറി മാറി താമസിക്കും. മറ്റുള്ളവര്‍ക്ക് സംശയങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് തന്നെ താമസം മാറ്റുന്നതും ഇവരെ പിടികൂടന്നതിനു തടസങ്ങളാകുന്നു. നഗരത്തിലെ ഫഌറ്റുകള്‍, വീടുകള്‍ എന്നിവ വാടകയ്ക്കു നല്‍കുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.