കരുനാഗപ്പള്ളി:വായനയ്ക്കൊപ്പം വര്‍ഷങ്ങളായി തരിശു കിടന്ന ഭൂമിയില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പ്.കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ കാലത്തിനൊപ്പം മാറ്റത്തിനൊപ്പം എന്ന പദ്ധതി ഏറ്റെടുത്തുകൊണ്ട് ഓച്ചിറ കൊറ്റംപള്ളി പേരൂര്‍ മാധവന്‍പിള്ള ഗ്രന്ഥശാലയാണ് വേറിട്ട കാര്‍ഷിക പദ്ധതി നടപ്പിലാക്കിയത്. കൊറ്റംപള്ളിയ്ക്ക് സമീപം ആലക്കോട്ട് അരവിന്ദകുമാര്‍ എന്ന സ്വകാര്യ വ്യക്തിയുടെയും പേരൂര്‍ കുടംബത്തിന്റെയും ഉടമസ്ഥതയിലുള്ള തരിശായി കിടന്ന ഭൂമിയാണ് ഗ്രന്ഥശാലയ്ക്ക കൃഷിക്കായി വിട്ട് നല്‍കിയത്.
മൂന്ന് ഏക്കര്‍ സ്ഥലത്ത് കരകൃഷിയും രണ്ടര ഏക്കര്‍ സ്ഥലത്ത് വാഴയും പച്ചക്കറിയുമാണ് കൃഷി ചെയ്തത്. കാടുമൂടി കിടന്ന സ്ഥലം കൃഷിയോഗ്യമാക്കാന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് നന്നേപടുപെടേണ്ടിവന്നതായി ഭാരവാഹികള്‍ പറഞ്ഞു.ട്രാക്ടര്‍ ഉപയോഗിക്കാതെ പൂര്‍ണ്ണമായും മനുഷ്യാധ്വാനം ഉപയോഗിച്ച് കിളച്ച് പുരയിടം കൃഷി യോഗ്യമാക്കി തീര്‍ക്കുകയായിരുന്നു. ഇടയ്ക്ക് കള പറിക്കുന്നതിനു ഏതാനും തൊഴിലാളികളെ ഏര്‍പ്പാട് ചെയ്തതൊഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ കൃഷിജോലികളും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ തന്നെയാണ് ചെയ്തു തീര്‍ത്തത്.ആയിരത്തി അഞ്ഞൂറോളം വാഴകളാണ് കൃഷി ചെയ്തത്.തക്കളി,വെണ്ട,വഴുതനം,പച്ചമുളക്,കോളിഫഌവര്‍ തുടങ്ങിയ വിവിധ ഇനം പച്ചക്കറികളും വിളവെടുപ്പിനു തയാറായിക്കഴിഞ്ഞു.
വിളവെടുപ്പിന് പാകമായ കര നെല്‍കൃഷിയുടെ വിളവെടുപ്പ് ഇന്നലെ ഉത്സവാന്തരീക്ഷത്തില്‍ നടന്നു. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ ഗ്ന്രഥശാലാ പ്രവര്‍ത്തകരും ബാലവേദിക്കുട്ടികളും ജനപ്രതിനിധികളും ചേര്‍ന്ന് കതിരുകള്‍ കൊയ്തെടുത്തു.കൃഷിക്ക് ഭൂമി വിട്ട് നല്കിയ അരവിന്ദകുമാര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍,പേരൂര്‍ മാധാവന്പിള്ള ഗ്രന്ഥശാലാ ഭാരവാഹികളായ വിക്രമന്‍നായര്‍,മഞ്ഞിപ്പുഴ വിശ്വനാഥപിള്ള,ബാബു കളീയ്ക്കല്‍,നാരായണന്‍കുട്ടി,ഓച്ചിറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഹിളാമണി,കൃഷി ഓഫീസര്‍ സജിത,പി.ജഗന്നാഥന്,എം.സുരേഷ്കുമാര്‍,എം.ഗോപലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.ഇപ്പോള്‍ വിളവെടുത്ത നെല്‍കൃഷി സ്ഥലത്ത് എള്ള് വിത്തെറിയും.