വി.പ്രശോഭ്
മണ്ണാര്‍ക്കാട്: ഇറച്ചി, മുട്ട ഉത്പാദനത്തില്‍ തമിഴ്നാടിനെ ആശ്രയിക്കുന്ന മലയാളികള്‍ക്കുമുന്നില്‍ മികച്ച നേട്ടം കൈവരിച്ച് മാതൃകയാകുകയാണ് കോട്ടാപ്പാടം തിരുവിഴാം കുന്ന് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ്. ഇവിടത്തെ പൗള്‍ട്രി കോളജിന്റെ നേതൃത്വത്തിലാണ് മുട്ടയുത്പാദനത്തിനും മറ്റുമായി ആധുനിക സാങ്കേതികവിദ്യയില്‍ പുത്തന്കോഴികളെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
2014 ഒക്ടോബറിലാണ് കേരള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവിഴാംകുന്ന് കാമ്പസില്‍ പൗള്‍ട്രി കോളജും വളര്‍ത്തുപക്ഷി, ഗവേഷണകേന്ദ്രം ആരംഭിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോളജ് ഉദ്ഘാടനം ചെയ്തത്. വളര്‍ത്തുപക്ഷി ഗവേഷണത്തില്‍ പുത്തന്‍പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമാണ് മുട്ടയുത്പാദനത്തില്‍ കേന്ദ്രം നേടിയെടുത്തിരിക്കുന്നത്. മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കോളജിലെ പുതിയ പദ്ധതികള്‍ക്കാകും.
പക്ഷിവളര്ത്തലില് താത്പര്യമുള്ള സംരംഭകരെ ലക്ഷ്യമാക്കി പുതിയ പദ്ധതികള്‍ തുടങ്ങും. 17 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പൗള്‍ട്രി മേഖലയിലെ വികസനത്തിനായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അനുവദിച്ചിരിക്കുന്നത്. അഞ്ചുകോടി രൂപയുടെ പദ്ധതികള്‍ ഇതിനകം തന്നെ കോളജില്‍ തുടങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ തുടങ്ങും. പദ്ധതിക്കുള്ള ഭരണ, സാങ്കേതികാനുമതി ലഭിച്ചെന്ന് അധികൃതര്‍ പറഞ്ഞു.
14.73 കോടി രൂപ കേന്ദ്രസര്‍ക്കാരും 2.5 കോടി രൂപ സംസ്ഥാന സര്‍ക്കാരുമാണ് പക്ഷി ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ചുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആദ്യഗഡുവമായി അനുവദിച്ചത്. കോഴി, താറാവ്, കാട എന്നിവ വളര്‍ത്തുന്നതിനുള്ള ഫാമും ഗവേഷണകേന്ദ്രവുമാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ഗ്രാമശ്രീ ഇനം കോഴികള്‍, ഇറച്ചി താറാവുകള്‍, വൈറ്റ് പെന്ഗ്വിന്, ഗ്രാമശ്രീ കോഴികള്‍ എന്നിവയെ ഇവിടെനിന്നു വികസിപ്പിച്ചെടുത്തു. വര്‍ഷത്തില്‍ ഇരുന്നൂറു മുട്ടവരെ നല്കാന് ശേഷിയുള്ള ഗ്രാമശ്രീ കോഴിക്കു നല്ല ഡിമാന്റാണുള്ളത്. ഇതിനുപുറമേ അതുല്യ എന്നയിനം പൂവന്‍കോഴികളെയും ഇവിടെ വളര്‍ത്തുന്നു.
പൗള്‍ട്രി മേഖലയില്‍ കേരളത്തിലെ ഏകഗവേഷണകേന്ദ്രവും തിരുവിഴാംകുന്നിലാണ്. ഒമ്പതുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക പരിശീലനകേന്ദ്രം, മുട്ടവിരിയിക്കല്‍, കോഴിത്തീറ്റ ഉത്പാദനകേന്ദ്രം, മാലിന്യസംസ്കരണം എന്നിവയ്ക്കായി അനുവദിച്ചിരുന്നു. ഇതിന്റെ പണികളെല്ലാം പൂര്‍ത്തിയായി. തമിഴ്നാട്ടിലെ പല്ലടം, നാമക്കല്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്കോഴികളും മുട്ടയും എത്തുന്നത്.
തിരുവിഴാംകുന്ന് ഫാമില്‍ പൗള്‍ട്രി കൃഷി സ്വയംപര്യാപ്തമാകുന്നതോടെ ആദ്യപടിയായി ജില്ലയിലേക്കുവേണ്ട മുഴുവന്‍ മുട്ടയും ഉത്പാദിപ്പിക്കാനാകും. പിന്നീടിത് കര്ഷകരിലേക്കു വ്യാപിപ്പിച്ച് സംസ്ഥാനത്തേക്കു മുഴുവന്‍ മുട്ടയും ഉത്പാദിപ്പിക്കാനാകുമെന്ന് അധികൃതര്‍ പറയുന്നു.പക്ഷി ഗവേഷണകേന്ദ്രം മേധാവി ഡോ. അജിത്ത് ബാബുവിന്റെ നേതൃത്വത്തിലാണ് ഗവേഷണവും പദ്ധതികളും നടക്കുന്നത്. തിരുവിഴാംകുന്ന് ഫാമിലൂടെ മുട്ട ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.