പിണറായിയിലെ രമിത്ത് വധം: കൊലയാളി സംഘം സഞ്ചരിച്ച വാഹനങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിക്കും

Crimeതലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് വാഹനങ്ങള്‍ ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. കൊലയാളികള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും രമിത്തിന്റെ നീക്കങ്ങള്‍ കൊലയാളി സംഘത്തെ അറിയിക്കാനായി പ്രതികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോറിക്ഷയുമാണ് കണ്ണൂര്‍ ഫോറന്‍സിക് ലാബിലെ സയന്റിഫിക് അസിസ്റ്റന്റ് ശ്രീജയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കുക.

ഗുഡ്‌സ് ഓട്ടോറിക്ഷ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെടുത്തത്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ പ്രയാഗിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി പോലീസ് തൃക്കരിപ്പൂരില്‍ ഇന്നലെ തെരച്ചില്‍ നടത്തി. കൊലപാതകത്തിനു ശേഷം പ്രയാഗ് തൃക്കരിപ്പൂരില്‍ അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രധാന തെളിവുകളിലൊന്നായ പ്രയാഗിന്റെ മൊബൈല്‍ ഫോണ്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ ഉണ്ടെന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ തൃക്കരിപ്പൂരില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് അറിയുന്നത്.

കേസില്‍ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രമുഖരുള്‍പ്പെടെ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യസൂത്രധാരകനായ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം പിണറായി ഏരിയാ കമ്മിറ്റി അംഗവുമായ പിണറായി ചേരിക്കലിലെ അഖില്‍, പ്രയാഗ്,പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്, പിണറായി കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത്, ചുമട്ടു തൊഴിലാളി പിണറായി പുതിയ പുരയില്‍ സി.കെ. അഹദ്, നിര്‍മാണ തൊഴിലാളി വെണ്ടുട്ടായി കണ്ണോത്ത്‌പൊയില്‍ നിജേഷ്, ഡോക്ടര്‍ മുക്കിലെ വി. ജിജീഷ് എന്നിവരാണ് ഈ കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

അറസ്റ്റിലായ ഏഴ് പ്രതികളും റിമാന്റിലാണുള്ളത്. ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ഒക്ടോബര്‍ 12 ന് രാവിലെ 10.15 നാണ് പിണറായി ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് പട്ടാപ്പകല്‍  ലോറി ഡ്രൈവറായ രമിത്തിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Related posts