തലയോലപ്പറമ്പ്: ജയിലില്‍ നിന്ന് അനീഷിന്റെ സുഹൃത്ത് അയച്ച കത്തുകളിലൂടെയാണു മാത്യുവിന്റെ കൊലപാതക വിവരം താന്‍ അറിഞ്ഞതെന്നു കൊലപാതകക്കേസിലെ പ്രതി അനീഷിന്റെ അച്ഛന് വാസു. ഗുജറാത്തില്‍വച്ച് കള്ളനോട്ടു കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനായ പ്രേമനോട് അനീഷ് കൊലപാത വിവരം വിശദമായി പറഞ്ഞിരുന്നു.
തുടര്‍ന്ന് അനീഷ് ഏഴു മാസങ്ങള്‍ക്കു മുമ്പു ഗുജറാത്തിലെ ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷമാണു പ്രേമന് ഇക്കാര്യങ്ങള്‍ കത്തുമുഖേന വൈക്കം പള്ളിപ്രത്തുശേരി ചെറിയാംവീട്ടില് വാസുവിനെ അറിയിച്ചത്. മാനസിക സമര്‍ദം താങ്ങാനാവാതെയാണ് വാസു കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പ്രേമന് ഗുജറാത്ത് ജയിലില്‍നിന്നു വാസുവിന് ആറു കത്തുകളാണ് അയച്ചത്. ഇതില്‍ ഒരു കത്ത് വാസു ബന്ധുവിനെക്കൊണ്ടു വായിപ്പിച്ചപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. ആറു കത്തില്‍ ഒന്നു കത്തിക്കുകയും ബാക്കിയുള്ള അഞ്ചു കത്ത് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തതായി വാസു പറഞ്ഞു.
കൊലപാതക വിവരം പറയാനായി കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ കഴിഞ്ഞ മൂന്നിനു വാസു എത്തിയെങ്കിലും മാത്യുവിന്റെ മകള്‍ നൈസിയെ കാണാന്‍ സാധിക്കാതെ വന്നതോടെ ഫോണ്‍ നമ്പര്‍ വാങ്ങി മടങ്ങി. പിറ്റേന്നു ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. നൈസിയോടു കൊലപാതക വിവരം പോലീസില്‍ അറിയിക്കാന്‍ താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും വാസു പറഞ്ഞു. ഇതേത്തുടര്‍ന്നു നൈസി അന്നുതന്നെ വൈക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അനീഷിന്റെ കാര്‍ മറ്റൊരു സുഹൃത്തു വാടകയ്ക്കു കൊണ്ടുപോയതു തിരിച്ചു കിട്ടാതെ വടക്കന്‍പറവൂര്‍ പോലീസ് സ്റ്റേഷനില്‍ അകപ്പെട്ടു. ഇതു തിരിച്ചെടുക്കുന്നതിനായി ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട മാത്യുവില്‍നിന്നു പലിശയ്ക്കു വാങ്ങിയതിനെത്തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളുടെ തര്‍ക്കങ്ങളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വാസുവിനു ലഭിച്ച വിവരം.
കൊലപാതകത്തിനു ശേഷം അനീഷിന്റെ സ്ക്രീന്‍ പ്രിന്റിംഗ് കടയുടെ അകത്തു തന്നെ മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടെന്നും വാസു വെളിപ്പെടുത്തി. തന്റെ കുടുംബത്തിന്റെ പതനത്തിനു കാരണം അനീഷാണ്. അനീഷ് വായ്പ വാങ്ങിയവര്‍ ഭീഷണിപ്പെടുത്തുന്നതില്‍ സഹികെട്ടാണ് അനീഷിന്റെ അമ്മ അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പു ജീവനൊടുക്കിയതെന്നും വാസു പറഞ്ഞു.