ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കി

SABARIMALA-FOODശബരിമല: സന്നിധാനത്തും പമ്പയിലും നിയോഗിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കി. ഹോട്ടലുകള്‍, അന്നദാനമണ്ഡപങ്ങള്‍, ഭക്ഷണ വില്പന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.പമ്പ, നിലയ്ക്കല്‍, ളാഹ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ന്യൂനത കണ്ടെത്തിയ എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിയും വെടിപ്പുമില്ലാതെ ഭക്ഷണസാധനങ്ങള്‍ വില്പന നടത്തിയതിന് വിവിധ സ്ഥാപനങ്ങളില്‍നിന്നും 9000 രൂപ പിഴ ഈടാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം പമ്പയില്‍നിന്നും കുടിവെള്ളത്തിന്റെ നാല് സാമ്പിളുകള്‍ ബാക്ടീരിയ പരിശോധനയ്ക്കായി പത്തനംതിട്ട ഫുഡ് അനലിസ്റ്റ് ലാബിലേക്കും കോന്നിയിലെ സിഎഫ്ആര്‍ഡി ലാബിലേക്കും അയച്ചു.

പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കാത്ത പായ്ക്കറ്റ് ഭക്ഷണ സാധനങ്ങള്‍, സോഡ തുടങ്ങിയവ വില്പന നടത്താന്‍ പാടില്ല. സന്നിധാനത്തേക്ക് കൊണ്ടുപോയ അരിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫുഡ് അനലിസ്റ്റ് ലാബിലേക്ക് അയച്ചു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ പി.ജെ. വര്‍ഗീസ്, സുജിത് പെരേര എന്നിവര്‍ നേതൃത്വം നല്‍കി.

ഭക്ഷ്യസുരക്ഷാ ലൈസന്‍സും ടോള്‍ഫ്രീ നമ്പരും(1800 425 1125) ഉപഭോക്താക്കള്‍ കാണത്തക്കവിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശിച്ചു.

ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. ഭക്ഷണ സാധനങ്ങളുടെ നിര്‍മാണം, വിതരണത്തില്‍ ഏര്‍പ്പെടുന്നവര്‍ വൃത്തിയുള്ള വേഷം ധരിക്കണം. മാലിന്യങ്ങള്‍ അടപ്പുള്ള പാത്രങ്ങളില്‍ ശേഖരിച്ച് ആരോഗ്യപരമായി സംസ്കരിക്കണം. പഴകിയ ആഹാരം ഒരു കാരണവശാലും സ്ഥാപനത്തില്‍ സൂക്ഷിക്കരുതെന്നും വീഴ്ചവരുത്തിയാല്‍ നിയമപ്രകാരമുള്ള നടപടി കൈക്കൊള്ളുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

ദേവസ്വം ബോര്‍ഡ് വേദവേദാന്തവേദിക് കോളജ് തുടങ്ങും
ശബരിമല: കൊല്‍ക്കത്തയിലെ വിവേകാനന്ദ സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ശംഖുമുഖം ദേവീക്ഷേത്രം അങ്കണത്തില്‍ വേദവേദാന്തവേദിക് കോളജ് തുടങ്ങുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശ്രീരാമകൃഷ്ണ മഠത്തിന്റെ തിരുവനന്തപുരം ശാഖയുടെ ശതാബ്ദി ആഘോഷത്തിന്റെ പ്രാരംഭ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മണ്ഡലമകരവിളക്ക് ഉത്സവ കാലത്ത് 30 രാജ്യങ്ങളിലെ അയ്യപ്പ വിശ്വാസികള്‍ ശബരിമല സന്ദര്‍ശിച്ചിരുന്നു.

അവരുടെ അഭിപ്രായം മാനിച്ചും ശബരിമല അയ്യപ്പക്ഷേത്രം ദേശാന്തര അധ്യാത്മിക കേന്ദ്രമായി മാറിവരുന്ന സാഹചര്യവും കണക്കിലെടുത്താണ് വിശ്വോത്തര ആധ്യാത്മിക പഠന കേന്ദ്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരത്ത് തുടങ്ങുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.  സ്വാമി മോക്ഷപ്രതാനന്ദ അധ്യക്ഷത വഹിച്ചു.

Related posts