ആയിരക്കണക്കിന് പക്ഷികള്‍ ലോകത്ത് ഉണ്ടെങ്കിലും ഭൂരിഭാഗം പക്ഷികളും 20 വയസില്‍ കൂടുതല്‍ ജീവിക്കാറില്ല. എന്നാല്‍ 66 ാം വയസില്‍ മുട്ടയിട്ട് അമ്മയാകാന്‍ ഒരുങ്ങുകയാണ് ലേയ്സന്‍ ആല്‍ബട്രോസ് എന്ന കടല്‍ പക്ഷി. മിഡ്വേ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ കഴിയുന്ന വിസ്ഡം എന്നുകൂടി വിളിപ്പേരുള്ള ഈ പക്ഷി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കടല്‍ പക്ഷിയായാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ മുട്ടയ്ക്ക് അടയിരിക്കുന്ന ഈ പക്ഷയുടെ മുട്ട വിരിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷിയമ്മയായി വിസ്ഡം അവരോധിക്കപ്പെടും.
ഈ ഇനത്തില്‍പ്പെട്ട പക്ഷികള്‍ എല്ലാ വര്‍ഷവും മുട്ടയിടാറില്ല. മുട്ടയിടുമ്പോള് ഒരു മുട്ട മാത്രമേ ഇടാറുള്ളു എന്നത് മറ്റൊരു പ്രത്യേകത. ലോകത്തിലെ 70 ശതമാനം ലേയ്സന്‍ ആല്‍ബട്രോസ് പക്ഷികളും മിഡ്വേ ദ്വീപിലാണുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട പത്ത് ലക്ഷത്തോളം പക്ഷികള്‍ ഈ ദ്വീപിലുണ്ട്. ഇതുവരെ വിസ്ഡത്തിന് ഏകദേശം നാല് ഡസനോളം കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷി ശാസ്ത്രഞ്ജര്‍ക്ക് പോലും അത്ഭുതമായി മാറിയിരിക്കുകയാണ് വിസ്ഡം.
പക്ഷി മുത്തശ്ശിയുടെ മുട്ട വിരിയാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിസ്ഡത്തിന്റെ ആരാധകര്‍.