കൂത്തുപറമ്പ്: ഐഎസ്എല്ലില്‍ ഡല്‍ഹിയുടെ ഗോള്‍ വലയെ പിടിച്ചുലച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീതിന്റെ നാടും കൂത്തുപറമ്പും. ഡല്‍ഹിയിലെ കോര്‍ട്ടിലാണ് കളി നടന്നതെങ്കിലും മുള്‍മുനയിലായിരുന്നു ബിഗ് സ്ക്രീനിന്റെ മുന്നില്‍ കളി തീരും വരെ ഈ നാട്ടുകാര്‍. ഒടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ബ്ലാസ്റ്റേഴ്സ് മിനിക്കൊടി പാറിച്ചതിലൂടെ കാണികളുടെ ആരവം ആകാശത്തോളമുയര്‍ന്നു.വിനീതിന്റെ കളി കാണാന്‍ സ്വദേശമായ വട്ടിപ്രത്ത് നാട്ടുകാര്‍ ബിഗ് സ്ക്രീന്‍ തയാറാക്കിയിരുന്നു.
പ്രായഭേദമെന്യേ കളി തുടങ്ങുന്നതിനു മുമ്പേ നാടൊന്നാകെ വട്ടിപ്രം സ്കൂള്‍ ഹാളില്‍ ഒരുക്കിയ സ്ക്രീനിനു മുന്നില്‍ ഇടം പിടിച്ചു. ഇടയ്ക്ക് ചെറിയൊരു സമയം വിനീതിന്റെ പിതാവ് വാസു മാസ്റ്ററും ഇവിടെ കാണിയായെത്തി. വിനീതിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ ബന്ധുക്കള്‍ വീട്ടിലിരുന്നാണ് മുഴുവന്‍ സമയം ടിവിയിലൂടെ കളി കണ്ടത്.
ഷൂട്ടൗട്ടിലൂടെ ബ്ലാസ്റ്റേഴ്സ് ടീം ഗോള്‍ നേടിയപ്പോഴും പ്രതിരോധ നിരയ്ക്കിടയിലൂടെ പന്തുമായി കളികളത്തിലൂടെയുള്ള വിനീതിന്റെ മുന്നേറ്റമുണ്ടായപ്പോഴുമൊക്കെ ആഹ്ലാദം അതേപടി ഉള്‍കൊള്ളുകയായിരുന്നു ഫുട്ബോള്‍ പ്രേമികള്‍ മുഴുവന്‍. ഇന്നലത്തെ മത്സരത്തില്‍ വിനീതിന് ഗോളാന്നും നേടാനായില്ലെങ്കിലും മുമ്പേ നടന്ന മത്സരങ്ങളില്‍ വിനീത് നേടിയ അഞ്ചു ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ടീമിനെ സെമി ഫൈനലിലേക്ക് എത്തിച്ചത്. ഇതേ ആവേശത്തില്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ ബിഗ് സ്ക്രീന്‍ ഉള്‍പ്പെടെ കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ് വട്ടിപ്രത്തെ വിനീതിന്റെ സുഹൃത്തുക്കളും നാട്ടുകാരും.