റോം കത്തിയപ്പോള്‍ വീണ മീട്ടിയ മഹാന്‍, കലയെ അഗാധമായി സ്നേഹിച്ച ക്രൂരനായ പ്രതിഭ, ബഹുമുഖ വ്യക്തിത്വങ്ങളുടെ പ്രതീകമായിരുന്നു നീറോയുടെ സംഭവബഹുലമായ ജീവിതത്തിലൂടെ…

Statue_of_Nero-650ജീവിതകാലം രണ്ടു സഹസ്രാബ്ദം മുമ്പായിരുന്നെങ്കിലും നീറോ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഭരണാധികാരികളുടെ നിരുത്തരപരമായ പ്രവൃത്തികള്‍ അവരെ നീറോയോട് ഉപമിക്കുന്നതിനു കാരണമാകുന്നു. റോമാ നഗരം കത്തുമ്പോള്‍ വീണവായിച്ച നീറോയുടെ കഥ ലോകമുള്ള കാലത്തോളം ആവര്‍ത്തിക്കപ്പെടും.നോസ് ഡോമിറ്റിയസ് അഹനോബാര്‍ബസിന്റെയും അഗ്രിപ്പിനയുടെയും മകനായി എ.ഡി 37ലാണ് നീറോ ജനിക്കുന്നത്. ലൂസിയസ് ഡോമിറ്റിയസ് അഹേനോബാര്‍ബസ് എന്നായിരുന്നു ആദ്യകാലനാമം. വിഖ്യാതനായ തത്വചിന്തകന്‍ സെനേക്കയില്‍ നിന്ന് നീറോ തത്വചിന്തയും കാവ്യമീമാംസയും അഭ്യസിച്ചു.

അന്ന് റോം ഭരിച്ചിരുന്ന ക്ലോഡിയസ് നീറോയുടെ വകയിലുള്ള അമ്മാവനായിരുന്നു. എ.ഡി 48ല്‍ നീറോയുടെ പിതാവ് അഹാനോബാര്‍ബസ് മരണത്തോടുകൂടി അമ്മ അഗ്രിപ്പിന ക്ലോഡിയസിനെ വിവാഹം കഴിച്ചു. ക്ലോഡിയസിന്റെ പിതാവായ നീറോ ക്ലോഡിയസ് ഡ്രസസിന്റെ പേരില്‍ നിന്നുമാണ് നീറോയ്ക്ക് ഈ പേര് ലഭിക്കുന്നത്. നീറോയെ ഏറെ സ്‌നേഹിച്ച ്‌ക്ലോഡിയസ് തന്റെ പിന്തുടര്‍ച്ചാവകാശം സ്വന്തം മകന്‍ ബ്രിട്ടാനിക്കസിനു നല്‍കുന്നതിനു പകരം നീറോയിക്കാണ് നല്‍കിയത്. മാത്രമല്ല തന്റെ മകള്‍ ഒക്ടോവിയയെ നീറോയ്ക്ക് വിവാഹവും ചെയ്തു കൊടുത്തു. എ.ഡി 54ല്‍ ക്ലോഡിയസ് മരിച്ചു. ഭാര്യ അഗ്രിപ്പിന വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും അക്കാലത്തുയര്‍ന്നിരുന്നു. അങ്ങനെ ക്ലോഡിയസിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് സെനറ്റിനു മുമ്പില്‍ റോമിന്റെ ചക്രവര്‍ത്തിയാകുന്നതായി  നീറോ സ്വയം അവരോധിച്ചു.

നീറോ ചക്രവര്‍ത്തിയായതോടെ അമ്മ അഗ്രിപ്പിന മകനെ തന്റെ വരുതിയ്ക്കുള്ളിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സെനേക്ക അടക്കമുള്ള നീറോയുടെ ഉപദേഷ്ടാക്കളെ അഗ്രിപ്പിന ഇഷ്ടപ്പെട്ടിരുന്നില്ല. നീറോയുടെ വ്യക്തിജീവിതത്തിലും അഗ്രിപ്പിന ഇടപെടാന്‍ തുടങ്ങി. അടിമയായിരുന്ന ക്ലോഡിയ ആക്ടെയുമായി നീറോയ്ക്കുണ്ടായിരുന്ന ബന്ധം അഗ്രിപ്പിന ഭാര്യ ഒക്ടേവിയയെ അറിയിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ നീറോ ആക്ടെയുമായി പരസ്യമായിത്തന്നെ ജീവിക്കാന്‍ ആരംഭിച്ചു. ക്ലോഡിയസിന്റെ മകനായ ബ്രിട്ടാനിക്കസിനെ നീറോയ്‌ക്കെതിരെ തിരിക്കാനായിരുന്നു അഗ്രിപ്പിനയുടെ അടുത്ത ശ്രമം. എന്നാല്‍ ബ്രിട്ടാനിക്കസ് അകാല ചരമം പ്രാപിക്കുകയാണുണ്ടായത്. നീറോ വിഷം കൊടുത്തതാണെന്നാണ് കരുതപ്പെടുന്നത്. ഇത് കേന്ദ്രീകരിച്ച് ജനങ്ങളെ നീറോയ്‌ക്കെതിരേ തിരിക്കാനും അഗ്രിപ്പിന ശ്രമിച്ചു. ഒടുവില്‍ നീറോയ്ക്ക് കൊട്ടാരത്തില്‍ നിന്നും അമ്മയെ പുറത്താക്കേണ്ടി വന്നു.

കുറച്ചുകാലത്തിനു ശേഷം നീറോ ക്ലോഡിയ ആക്ടെയെ ഉപേക്ഷിച്ചു പോപ്പിയ സബിനാ എന്നൊരു സുന്ദരിയെ വിവാഹം ചെയ്തു. കൊട്ടാരത്തിനു വെളിയിലായെങ്കിലും അഗ്രിപ്പിന ശല്യം തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ നീറോയുടെ ഉത്തരവു പ്രകാരം സൈന്യം അഗ്രിപ്പിനയെ വധിക്കുകയാണുണ്ടായത്.ഭരണാധികാരി എന്ന നിലയില്‍ നീറോ പേരെടുത്തിരുന്നു.ക്യാപിറ്റല്‍ പണിഷ്‌മെന്റ് ഒഴിവാക്കിയതും, അടിമകള്‍ക്ക് യജമാനന്മാര്‍ക്കെതിരേ പരാതി നല്‍കാന്‍ സൗകര്യമുണ്ടാക്കിയതും നീറോയുടെ സുപ്രധാന ഭരണനടപടികളായി വിലയിരുത്തപ്പെടുന്നു.കലാ-കായിക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും നീറോ മുമ്പില്‍ നിന്നു.

സുഖലോലുപ ജീവിതം നയിക്കാന്‍ നീറോ എന്നും ഇഷ്ടപ്പെട്ടിരുന്നു. രാജ്യം ദാരിദ്ര്യത്തില്‍ നട്ടം തിരിയുമ്പോഴും കലാപരിപാടികള്‍ക്ക് ക്രമാതീതമായി പണം ചെലവഴിക്കുന്നതിന് നീറോയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കവി, ഗാനരചയിതാവ് എന്ന നിലയിലും നീറോ പേരെടുത്തു.വിമര്‍ശനങ്ങളെ നീറോ ഇഷ്ടപ്പെട്ടിരുന്നില്ല. പാര്‍ട്ടിക്കിടെ തന്നെ വിമര്‍ശിച്ച ആര്‍മി കമാന്‍ഡറിനെ കൊല ചെയ്യാനും നീറോയ്ക്കു മടിയുണ്ടായില്ല. സെനറ്റിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയ എഴുത്തുകാരനെയും നീറോ പരലോകത്തേക്കയച്ചു. പിന്നെ കാലാകാലങ്ങളില്‍ വിമര്‍ശിച്ച ആളുകള്‍ മരണപ്പെട്ടുകൊണ്ടിരുന്നു.
nero-fire-650
എ.ഡി 64ലായിരുന്നു റോമാ നഗരം തീയില്‍ വെന്തെരിഞ്ഞത്. നീറോയുടെ കലാപരിപാടികള്‍ വിവാദപരമായിരിക്കുമ്പോഴായിരുന്നു ജനശ്രദ്ധ തിരിച്ചുകൊണ്ട് തീ പടര്‍ന്നത്. 10 ദിവസം നീണ്ടു നിന്ന തീ റോമാ നഗരത്തിന്റെ 75 ശതമാനം ഭാഗവും ചുട്ടെരിച്ചു. വലിയൊരു വിഭാഗം ആളുകളും ഈ അപ്രതീക്ഷിത തീപിടിത്തത്തിനു പിന്നില്‍ നീറോയാണെന്നു തന്നെ വിശ്വസിച്ചു. ആ സമയത്ത്് നീറോ വീണ വായിച്ചുവെന്ന് പല കഥകളും ഉണ്ടായിട്ടുണ്ടെങ്കിലും അത് പ്രതീകാത്മകമായായിരുന്നു എന്നു വേണം കരുതാന്‍.

തന്റെ സ്വപ്‌ന പദ്ധതിയായ ഡോമസ് ഓറിയ വില്ലയ്ക്കു വേണ്ടി ധനസമാഹരിക്കാന്‍ നീറോ ആവുന്ന വഴിയിലൂടെയൊക്കെ ശ്രമിച്ചു. തന്റെ പദവികളെല്ലാം നീറോ ഇതിനായി വിറ്റു, ആരാധനാലയങ്ങളിലെ പണമെടുക്കുകയും നികുതി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ അണിയറയില്‍ ഗായിസ് കാല്‍പര്‍നിയസ് പിസോ എന്ന പ്രഭുവിന്റെ നേതൃത്വത്തില്‍ നീറോയെ വധിക്കാനുള്ള നീക്കം നടക്കുന്നുണ്ടായിരുന്നു. പണക്കാരായ മറ്റു പ്രഭുക്കന്മാരും  പിസോയോടു പങ്കു ചേര്‍ന്നു.  68 ആയപ്പോഴേക്കും ഭരണം നീറോയുടെ കൈയ്യില്‍ നിന്നും പിടിവിട്ടു പോയിരുന്നു. 68 ജൂണ്‍ ഒമ്പതിന് നീറോ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. ഒരു ജോലിക്കാരന്‍ കണ്ടെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. തന്റെ ആദ്യ ഭാര്യയായ ഒക്ടേവിയയുടെ ചരമവാര്‍ഷികദിനം തന്നെ മരിക്കാനായി തിരഞ്ഞെടുത്തത് അവരോടുള്ള സ്‌നേഹം മനസിന്റെ ഉള്ളറകളില്‍ സൂക്ഷിച്ചിരുന്നതു കൊണ്ടാവുമോ.

Related posts