കോഴിക്കോട്: കുറ്റിയാടി കെഎംസി ഹോസ്പിറ്റല്‍ ജീവനക്കാരിയായ ദളിത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇതിനോടകം തന്നെ കുറ്റിയാടിയില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി ഒഴികെ മറ്റു പാര്‍ട്ടികള്‍ എല്ലാം തന്നെ വിഷയത്തോട് മുഖം തിരിഞ്ഞ് നല്‍ക്കുമ്പോള്‍ മറ്റ് പല കൂട്ടായ്മകളുടെ പേരിലാണ് ജനകീയ പ്രതിഷേധങ്ങളുമായി ജനങ്ങള്‍ രംഗത്തെത്തുന്നത്.
ദളിത് വിഷയത്തില്‍ വലിയ ഇടപെടലുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം സംഭവത്തില്‍ ഒരു പത്രക്കുറിപ്പ് പോലും ഇറക്കാത്തത് പ്രദേശത്ത് വന്‍ ചര്‍ച്ചയായിട്ടുണ്ട്. പോലീസ് നടപടിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിക്കാന്‍ കഴിയാത്ത ഡിവൈഎഫ്‌ഐക്ക് എതിരെയും പല കോണില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ യുവതിയുടെ ആത്മഹത്യയെ ലഘൂകരിക്കുമ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി പോസ്റ്ററുകളാണ് കുറ്റിയാടിയില്‍ പ്രത്യക്ഷപ്പെടുന്നത്. റെഡ് ആര്‍മി എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും വയറലായിട്ടുണ്ട്. കെഎംസി കേന്ദ്രീകരിച്ച് നടത്തുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനവും അന്വേഷിക്കുക. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരാതിരിക്കാന്‍ ആതിരയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുക എന്നാണ് പോസ്റ്ററില്‍ റെഡ് ആര്‍മി എന്ന കൂട്ടായ്മ ആവശ്യപ്പെടുന്നത്.
ജനകീയ കൂട്ടായ്മകള്‍ കുറ്റിയാടി മേഖലയില്‍ വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തോട് പ്രതികരിക്കാത്തതും മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. താഴെക്കിടയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭവത്തെ ഗൗരവപരമായി കാണുമ്പോള്‍ നേതാക്കള്‍ വിഷയം അവഗണിക്കുന്നുവെന്ന ചര്‍ച്ച് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ക്കുള്ളിലുണ്ട്. എന്നാല്‍ പ്രവര്‍ത്തകര്‍ ആരും തന്നെ ഇതുവരെ പാര്‍ട്ടിയെ ധിക്കരിച്ച് പരസ്യമായി വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളും കുറ്റിയാടിയിലെ കെഎംസി ആശുപത്രി എക്‌സ്‌റേ ടെക്‌നീഷ്യനുമായ ആതിര(19)യാണ് കഴിഞ്ഞ 10ന് ജീവനൊടുക്കിയിരുന്നത്. പുലര്‍ച്ചെ സ്കൂട്ടര്‍ പഠിക്കുന്നതിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്.