മുക്കം: കാലങ്ങളായി തകര്‍ന്ന് തരിപ്പണമായ നോര്‍ത്ത് കാരശേരി-കാരമൂല-കൂടരഞ്ഞി റോഡിന്റെ മോചനത്തിന് ഇരു മുന്നണികളും സമരത്തിന്. റോഡ് പ്രവൃത്തി തടസപ്പെടുത്തുന്നത് കരാറുകാരനാണെന്ന വാദവുമായി സിപിഎം ആഭിമുഖ്യത്തില്‍ ഈ മാസം 19 ന് കരാറുകാരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ യുഡിവൈഎഫ് ആനയാംകുന്ന് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19-ാം തീയതി വൈകുന്നേരം നാലിന് ശയന പ്രദക്ഷിണ സമരം സംഘടിപ്പിച്ചിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് നാലു കോടി 10 ലക്ഷം രൂപയുടെ ഭരണാനുമതിയും രണ്ട് കോടി 95 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ച് നിയമാനുസൃതം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിക്കെതിരെ എടവണ്ണയിലെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രവൃത്തി മുടങ്ങിയത്. നൂറു കണക്കിന് യാത്രക്കാര്‍ നിത്യവും ആശ്രയിക്കു ന്ന, നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡ് കാല്‍നട യാത്ര പോലും പ്രയാസകരമായ അവസ്ഥയിലാണിപ്പോള്‍.
ജോര്‍ജ് എം തോമസ് എംഎല്‍എ, കാരശേരി പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പല തവണ ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ സ്റ്റേ പിന്‍വലിക്കാന്‍ തയാറായിട്ടില്ല. ഇതേത്തുടര്‍ന്നാണ് കരാറുകാരന്റെ വീട്ടിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു.