കട്ടപ്പന: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധി ഹൈറേഞ്ചില്‍ രൂക്ഷമായി. വാണിജ്യ, കാര്‍ഷിക മേഖലയില്‍ ഭീകരമായ മാന്ദ്യം അനുഭവപ്പെടുകയാണ്. ബസ് സര്‍വീസുകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയില്‍ ഈരംഗത്തുള്ളവര്‍ എത്തിയിരിക്കുകയാണ്. യാത്ര, ചരക്കുവാഹനങ്ങളുടെ വരുമാനം പകുതിയിലേറെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടമാന്ദ്യം തൊഴിലില്ലായ്മയിലേക്കും നീങ്ങുകയാണ്. കാര്‍ഷിക, നിര്‍മാണ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ വലിയൊരുവിഭാഗം സ്വന്തം നാടുകളിലേക്കു തിരികെപോയി.
സാധാരണ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇപ്പോള്‍ തൊഴിലാളികളെകൊണ്ട് നിര്‍ബന്ധിത അവധിയെടുപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാനുള്ള വില്‍പനപോലും മിക്കസ്ഥാപനങ്ങളിലും നടക്കുന്നില്ല. അത്യാവശ്യ സാധനങ്ങളുടെ വില്‍പന മാത്രമേ നടക്കുന്നുള്ളൂ. ഒഴിച്ചുകൂടാനാകാത്ത യാത്രകളേ ഇപ്പോഴുള്ളൂ. ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലും സ്ഥിതി ഇതുതന്നെയാണ്. തൊഴിലാളികള്‍ക്കുള്ള കൂലി നല്‍കാന്‍പോലുമുള്ള പണം ഏലക്കായ് വിറ്റാല്‍ പണമായി ലഭിക്കുന്നില്ല. ഒന്നില്‍കൂടുതല്‍ അംഗങ്ങളുള്ള വീട്ടുകാര്‍ അക്കൗണ്ടുകളില്‍നിന്നും പണം മാറിയാണ് തൊഴിലാളികള്‍ക്കു കൂലി നല്‍കുന്നത്.
കര്‍ഷകര്‍ നേരിട്ടു ലേലത്തില്‍വയ്ക്കുന്നതില്‍ കൂടുതല്‍ ഏലക്കായ് കൈവിലയായി കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. ഇതു പാടേ നിലച്ച അവസ്ഥയാണ്. വ്യാപാരികള്‍ കൈവിലയ്ക്ക് കായ് എടുത്താലും നല്‍കാന്‍ പണമില്ല. എട്ടുദിവസത്തിനുശേഷമേ ലേലത്തില്‍ പതിയുന്ന കായ്ക്ക് പണം ലഭിക്കുകയുള്ളൂ. അതും 24000 രൂപ മാത്രമാണ്. ഏലക്കാ വ്യാപാരികള്‍ക്ക് ഇത് ആശ്രയിക്കാനാകാത്ത അവസ്ഥയാണ്.ഏലക്കായ്ക്ക് ഭേദപ്പെട്ട വിലയുണ്ടെങ്കിലും വ്യാപാരമാന്ദ്യംമൂലം കര്‍ഷകര്‍ക്കും ഇടനില വ്യാപാരികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ചെറുകിട കര്‍ഷകര്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറുകിട വ്യാപാരികളെയാണ് ആശ്രയിച്ചിരുന്നത്.
നോട്ടുക്ഷാമം വ്യാപാരികളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്. ജോലിക്കാര്‍ക്കു ശമ്പളം നല്‍കുന്നതുകൂടാതെ വായ്പയും മറ്റുതരത്തിലുള്ള ‘റോളിംഗും’ നടത്തിയാണ് ഒട്ടുമിക്ക ചെറുകിട സ്ഥാപനങ്ങളും ഓരോദിവസവും കടന്നുപോയിരുന്നത്. നോട്ടുക്ഷാമവും കച്ചവടമാന്ദ്യവും രൂക്ഷമായതോടെ ഈ രണ്ടു നീക്കുപോക്കുകളും നടക്കാതായത് പല സ്ഥാപനങ്ങളും അടച്ചുപൂട്ടുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഒരുമാസംവരെ പിടിച്ചുനിന്ന കര്‍ഷകരും തൊഴിലാളികളും വ്യാപാരികളും നോട്ടുക്ഷാമം നീളുന്നതോടെ ആശങ്കയിലായിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് ഉള്‍പ്പെടെ വീടുകളുമായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളും തടസപ്പെട്ടിരിക്കുകയാണ്.
ചെറുകിട പച്ചക്കറി കച്ചവടക്കാരും ഹോട്ടലുകളും വാങ്ങലും വില്‍പനയും കുറച്ചിരിക്കുകയാണ്. പാലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍പോലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ നല്‍കലും നിലച്ചതോടെ ആവഴിക്കുള്ള ധനസമാഹരണവും പ്രതിസന്ധിയിലാണ്.
പണദൗര്‍ലഭ്യം ആളുകളുടെ വിനിമയശീലത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. കൈയിലുള്ള പണം തീരുമെന്ന ആശങ്ക വര്‍ധിച്ചതിനാല്‍ കൈവശമുള്ള പണം വളരെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ പണത്തിന്റെ ഒഴുക്കുനിലച്ചു. ആളുകളുടെ ക്രയവിക്രയ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥയിലാണ് സാധാരണക്കാരേറെയും.