ശബരിമല: സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തില്‍നിന്ന് മണ്ഡല തീര്‍ഥാടന കാലത്ത് ഇതേവരെ ഏഴു ലക്ഷം പേര് ഭക്ഷണം കഴിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ദിവസം സന്നിധാനത്ത് 30,000 പേര് അന്നദാനമണ്ഡപത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. പ്രതിദിനം ഒരു ലക്ഷം രൂപയാണ് അന്നദാനത്തിലേക്ക് ലഭിക്കുന്ന സംഭാവന. ഇതേവരെ 30 ലക്ഷം രൂപയില്‍ കൂടുതല്‍ അന്നദാനം സംഭാവന ലഭിച്ചു. ലോകത്തെ ഏറ്റവും വലിയ അന്നദാനപ്പുര ശബരിമലയിലേതാകണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നത്.
ജീവനക്കാരുടെ മെസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആക്ഷേപം ദേവസ്വം ബോര്‍ഡ് ഗൗരവമായെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ മെസ് സന്ദര്‍ശിച്ച് പരിശോധന നടത്തി. പരാതികള്‍ രേഖപ്പെടുത്തുന്നതിന് രജിസ്റ്റര്‍ വയ്ക്കാനും പരാതിപ്പെട്ടി സ്ഥാപിക്കാനും നിര്‍ദേശം നല്കി. അന്നദാനമണ്ഡപത്തിലെ ഭക്ഷണ വിതരണം ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള സാഹചര്യത്തില്‍ ജീവനക്കാരുടെ ഭക്ഷണവും ഇവിടെനിന്നാക്കുന്ന കാര്യം പരിഗണിക്കും. അന്നദാനമണ്ഡപത്തിലെ സീറ്റുകളുടെ എണ്ണം 1500ല്‍ നിന്ന് 5000 ആയി ഉയര്‍ത്തുന്നതിന് ശബരിമല ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
സുഖദര്‍ശനം ഉറപ്പുവരുത്താന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞു. ശബരിമല ക്ഷേത്രം കൂടുതല്‍ നാള് തുറക്കാന്‍ കഴിയാത്തതു പരിഗണിച്ചാണ് ദര്‍ശന സമയം വര്‍ധിപ്പിച്ചത്. ഇതുപ്രകാരം പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറന്ന് രാത്രി 11ന് നട അടയ്ക്കും. നെയ്യഭിഷേകത്തിനും പ്രത്യേക ക്രമീകരണമൊരുക്കി. നെയ്ത്തോണിയിലെ നെയ്യ് ഉപയോഗിച്ചാണ് രാവിലെ 11ന് അഭിഷേകം നടത്തുന്നത്.
ശബരിമലയിലേക്ക് പാത്രം വാങ്ങിയതില്‍ അഴിമതിയുണ്ടായെന്ന ആക്ഷേപത്തേ തുടര്‍ന്ന് ബോര്‍ഡ് അംഗം കെ. രാഘവന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ അന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറാനും ദേവസ്വം ബോര്‍ഡ് തയാറാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ ദേവസ്വം ബോര്‍ഡ് തയാറാണ്.
ഞുണങ്ങാറിലെ തടയണയില്‍ കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്തു ശുദ്ധീകരിക്കാന്‍ ശബരിമല ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.പമ്പയും ശബരിമലയും ശരണപാതകളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ന് ഏറെ ശുചിത്വമുള്ളവയാണ്. റോഡ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സേഫ്സോണ്‍ പദ്ധതി കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.