കടമ മറന്ന് പോലീസ് ഉദ്യോഗസ്ഥര്‍; ശബരിമല ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് വാട്‌സ് ആപ്പും ഫേസ് ബുക്കും ഉപയോഗിക്കുന്നുവെന്ന് പരാതി

ktm-police1

ടി. എസ്. സതീഷ്കുമാര്‍

ശബരിമല: ശബരിമലയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും കാണുകയാണെന്ന് പരാതി. അതീവ സുരക്ഷാ പ്രദേശമെന്നു കേന്ദ്ര-സംസ്ഥാന പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിലും പമ്പയിലും ഡ്യൂട്ടി സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കടമ മറന്ന് നവമാധ്യമങ്ങള്‍ കണ്ടു രസിക്കുകയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വയര്‍ലസ് സെറ്റിലൂടെ വരുന്ന സന്ദേശങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ഭക്തര്‍ പോലീസിന്റെ സഹായം ആവശ്യപ്പെട്ടാല്‍ പോലും അതു തല്‍കാതെ വാട്‌സ് ആപ്പില്‍ സിനിമ കാണുകയാണെന്ന് തീര്‍ഥാടകര്‍ തന്നെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് പരാതി നല്‍കിയിട്ടുണ്ട്.

കേന്ദ്ര സേനാംഗങ്ങളും ഇതില്‍നിന്നു വ്യത്യസ്തമല്ല. സന്നിധാനത്തെത്തുന്ന വിഐപികളുമായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതു തികഞ്ഞ അച്ചടക്കരാഹിത്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ശബരിമലയിലെ പോലീസിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ചിലരുടെ പ്രവണത സേനയ്ക്ക് അപമാനമാണെന്ന് വിലയിരുത്തപ്പെടുന്നു.

Related posts