മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം സംസ്കരിച്ചു

L-AJITHA-MOVOISTകോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച കാവേരി എന്ന അജിത(40)യുടെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 11 ഓടെ വെസ്റ്റ് ഹില്‍ ശ്മശാനത്തിലാണ് സംസ്കാരം നടത്തിയത്. രാവിലെ തന്നെ അജിതയുടെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയിരുന്നു.

കഴിഞ്ഞ 24നാണ് അജിതയും കുപ്പു ദേവരാജും പോലീസിന്റെ വെടിയേറ്റ് മരിച്ചത്. അജിതയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ എത്താതിരുന്നതും മറ്റാര്‍ക്കും മൃതദേഹം നല്‍കേണ്ടെന്ന മഞ്ചേരി കോടതിയുടെ ഉത്തരവും മൃതദേഹം സംസ്കരിക്കാന്‍ കാലതാമസം വന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഹൈക്കടതി വിധിയെ തുടര്‍ന്നാണ് ഇന്ന് അജിതയുടെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്കാരം നടത്തിയത്.

അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹപാഠിയും മധുര സ്വദേശിയുമായ അഭിഭാഷകന്‍ ഭഗവത് സിംഗ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മൃതദേഹം സുഹൃത്തുക്കള്‍ക്ക് നല്‍കാന്‍ ഉത്തരവുണ്ടായത്. എന്നാല്‍ ഉപാധികളോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ കോടതി വിധി പുറപ്പടിവിച്ചത്. മോര്‍ച്ചറിക്ക് മുന്നില്‍ മുദ്യാവാക്യം മുഴക്കുന്നതും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും കോടതി വിലക്കിയിരുന്നു. അതേസമയം മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മതിയായ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അജിതയോടൊപ്പം കൊല്ലപ്പെട്ട് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹം നേരത്തെ സംസ്കരിച്ചിരുന്നു. കുപ്പു ദേവരാജിന്റെ സഹോദരനും അമ്മയും എത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ അന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യം പോലീസ് വിസമ്മതിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൃതദേഹം പെട്ടന്ന് സംസ്കരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുകയായിരുന്നു.

Related posts