മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. നവജാത ശിശുവിന് നിസാര പൊള്ളലേറ്റു. ഇന്നലെ അര്‍ധരാത്രയോടെയാണ് സംഭവം. നേഴ്സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ദമ്പതിമാരുടെ 20 ദിവസം പ്രായമായ നവജാത ശിശുവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്രസവാനന്തരം വളര്‍ച്ചക്കുറവ് കണ്ടതിനെ തുടര്‍ന്ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.
ചില്ലുകൂടിനുള്ളില്‍ ലൈറ്റിന്റെ ചൂടേറ്റ് കഴിയുകയായിരുന്നു കുഞ്ഞ്. ഗ്ലാസ് കൂടിനു പുറത്തായി കുഞ്ഞിന്റെ അമ്മയുമുണ്ടായിരുന്നു. ലൈറ്റിനു മുകളില്‍ നനഞ്ഞ തുണി ആരോ ഇട്ടിരുന്നു. ഇത് ചൂടേറ്റ് ഉണങ്ങി കത്തുകയും തുടര്‍ന്ന് കുഞ്ഞ് കിടന്ന കിടക്കയിലേക്ക് വീണ് കിടക്കയ്ക്കും തീപിടിക്കുകയായിരുന്നു. പുകയും തീയും കണ്ട് കുഞ്ഞിന്റെ അമ്മ പുറത്തുനിന്ന് ഉറക്കെ നിലവിളിച്ചു. ഇത് കേട്ട് നേഴ്സ് ഓടിയെത്തി ചില്ലുകൂടിനകത്തു നിന്നും കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്കോടി. കുഞ്ഞിന്റെ മുഖത്ത് നിസാരമായി പൊള്ളലേറ്റു. വാര്‍ഡില്‍ പുക നിറഞ്ഞത് മറ്റു കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുണനിലവാരം കുറഞ്ഞ വയറിംഗാണ് ആശുപത്രിയിലേത്. റീ വയറിംഗ് നടത്താന്‍ തയ്യാറാവാത്തതു മുലം പലയിടത്തും ലൈറ്റുകള്‍ കത്തുന്നില്ല. കുഞ്ഞിനെ രക്ഷപ്പെടുത്തിയ നേഴ്സിനെ ആശുപത്രി അധികൃതരടക്കമുള്ളവര്‍ അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ട് നിസാവുദ്ദീന് ഐസിയുവിലെത്തി പരിശോധന നടത്തി.