സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പിന്റെ കഥ തുടരുന്നു. ഐടി ജീവനക്കാരന്റെ ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. നാലുമാസം മുമ്പാണ് ഐടി ജീവനക്കാരനായ ഗോവിന്ദ് ശര്‍മയും എലെക്സ് എന്ന സ്ത്രീയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറി. നിരന്തരമായ ഫോണ്‍ വിളികളിലൂടെ ഗോവിന്ദ് ശര്‍മയുടെ വിശ്വാസവും നേടിയെടുത്തു.
താന്‍ ദുബായിലാണെന്നാണ് യുവതി ശര്‍മയോട് പറഞ്ഞിരുന്നത്. ഉടനെ നാട്ടില്‍ വരുമെന്നും വരുമ്പോള്‍ വിലകൂടിയ സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും അറിയിച്ചു. ആഴ്ചകള്‍ക്കു മുന്‍പ് ഗോവിന്ദ് ശര്‍മയെ വിളിച്ച ഇവര്‍, തന്നെ ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവര്‍ക്ക് നല്കാന് പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നല്കിയ ബാങ്ക് അക്കൗണ്ടില്‍ 1.4 ലക്ഷം രൂപ നിക്ഷേപിച്ചു. വീണ്ടും വിളിച്ചപ്പോള്‍ സ്ത്രീയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കബളിപ്പിക്കപ്പെട്ടെന്നു മനസിലായതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്. പണം നിക്ഷേപിച്ച അക്കൗണ്ടിന്റെ വിവരങ്ങളും മൊബൈല്‍ നമ്പരും കേന്ദ്രീകരിച്ചു പൊലീസ് അന്വേഷം ആരംഭിച്ചു.