‘മാല’മോഹിനി! ബൈക്കില്‍ എത്തി മാലപൊട്ടിക്കുന്ന സംഘത്തില്‍ യുവതിയും; ഇതുവരെ പിടിച്ചുപറിച്ചത് 100 പവനിലധികം സ്വര്‍ണം

malamoshanamപാറശാല:പട്ടാപ്പകല്‍ ബൈക്കില്‍ എത്തി മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. ഇവരുടെ സംഘം ഇതുവരെ നൂറു പവനിലധികം വരുന്ന സ്വര്‍ണം അപഹരിച്ചുവെന്നാണ് കരുതുന്നത്. പൂവാര്‍ ഊറ്റുകുഴി ബണ്ട് റോഡിനു സമീപം താമസിക്കുന്ന ഷമീര്‍(ഗോകുല്‍–19), പേയാട് കാരംകോട്ട്‌കോണം സ്വദേശിനി മായ (വിജിത–28) എന്നിവരാണു പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതി, ഷമീറിന്റെ സഹോദരന്‍ രാഹുല്‍രാജ് (ഷഫിക്–21) ഒളിവിലാണ്. ഒന്നര വര്‍ഷത്തിനിടയില്‍ നരുവാമൂട്, പാറശാല, മാര്‍ത്താണ്ഡം, കുളച്ചല്‍, കളിയിക്കാവിള, കൊല്ലങ്കോട്, പൊഴിയൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ ഒട്ടുമിക്ക മാലമോഷണങ്ങളുടെയും പിന്നില്‍ ഇവരാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ഗോകുല്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഗോകുലിനെ പിന്തുടര്‍ന്നു പിടികൂടിയ പോലീസ് ബൈക്കിലെ യഥാര്‍ഥ നമ്പര്‍ പ്‌ളേറ്റിനു മുകളില്‍ വ്യാജ നമ്പര്‍ പതിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയില്‍ ഒരു മാസം മുമ്പു പ്ലാമൂട്ടുകടയില്‍ യുവതിയില്‍ നിന്നും അപഹരിച്ച മാലയുടെ ഭാഗങ്ങള്‍ ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പൊട്ടിച്ചെടുക്കുന്ന മാലകള്‍ മായയെ ഏല്‍പിച്ചു വില്‍ക്കുകയോ പണയം വയ്ക്കുകയോ ആണു സംഘത്തിന്റെ രീതിയെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു.

സഹോദരന്‍ രാഹുല്‍രാജിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണു ഗോകുല്‍ വഴിയാത്രക്കാരുടെ മാല പൊട്ടിച്ചു കടക്കുന്നത്. സ്വര്‍ണം വിറ്റു കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് ചിലവഴിക്കുന്നത്. പൊട്ടിച്ചെടുത്ത മാലകളില്‍ ചിലതു ഗോകുലിന്റെയും മായയുടെയും വീടുകളില്‍നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Related posts