കള്ളപ്പണക്കാരുടെ പേടിസ്വപ്‌നം, രാജ്യത്തെവിടെ അസാധാരണ നിക്ഷേപം നടത്തിയാലും ആദായനികുതിവകുപ്പിനെ അറിയിക്കും, സസ്പീഷ്യസ് ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാം

note650രാജ്യത്തെ കള്ളപ്പണ വേട്ടയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് എസ്ടിആര്‍ അഥവാ സസ്പീഷ്യസ് ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ട്. എസ്ടിആറിലൂടെ ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കള്ളപ്പണം പിടികൂടിയത്. രാജ്യത്തെ ബാങ്കുകളില്‍ എവിടെയെങ്കിലും സംശകരമായ നിക്ഷേപം നടന്നതായി കണ്ടാല്‍ കമ്പ്യൂട്ടറില്‍ അത് രേഖപ്പെടുത്തും. ഒന്നിലേറെ സ്ഥലങ്ങളില്‍ നിക്ഷേപിച്ചാലും കണ്ടു പിടിക്കും.
ബാങ്കുകളില്‍ മാത്രമല്ല, സ്വര്‍ണക്കടകളിലേയും സംശകരമായ ഇടപാടുകള്‍ എസ്ടിആര്‍ വഴി കണ്ടുപിടിക്കാനാവും. ആരൊക്കെയാണ് വാങ്ങുന്നത് ഏത് കടകളിലാണ് വില്‍ക്കുന്നത് എന്നീ വിവരങ്ങള്‍ എസ്ടിആര്‍ ഡേറ്റ വഴി അറിയാനാകും.

യുഎസ്എയിലും യുകെയിലും വളരെ മുമ്പ് തന്നെ എസ്ടിആര്‍ സംവിധാനം നിലവിലുണ്ട്. യുഎസ് ബാങ്ക് സീക്രസി ആക്ട് 1970 പ്രകാരമാണ് ഇവിടെ ഇത് നിലവില്‍ വന്നത്. 2002 ലെ ‘ദ് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട്’ പ്രകാരമാണ് ഇന്ത്യയില്‍ എസ്ടിആര്‍ നിലവില്‍ വന്നത്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ വൈകി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയിലേക്കാണ് സസ്പീഷ്യസ് ട്രാന്‍സാക്ഷന്റെ റിപ്പോര്‍ട്ടുകള്‍ പോകുന്നത്.

ഇന്റലിജന്‍സ് യൂണിറ്റ് ഓഫ് ഇന്ത്യയും ഇക്കണോമിക് ഇന്റലിജന്‍സ് കൗണ്‍സിലും ചേര്‍ന്നാണ് റെയ്ഡുകള്‍ എവിടെ നടത്തണമെന്ന് തീരുമാനിക്കുന്നതും ധനകാര്യമന്ത്രിക്ക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതും. സംശയം തോന്നുന്ന ഇടപാടുകള്‍, അസാധാരണമോ പൂര്‍ണമായും ന്യായീകരിക്കാനാവാത്തതോ ആയ ഇടപാടുകള്‍, സാമ്പത്തികമായി യാതൊരു യുക്തിയുമില്ലാത്ത ഇടപാടുകള്‍, തീവ്രവാദ പ്രസ്ഥാനത്തെ സഹായിക്കുന്ന ഇടപാടുകള്‍ എന്നിവയൊക്കെയാണ് ഈ സംവിധാനത്തിന്റെ നിരീക്ഷണത്തിന് വിധേയമാകുന്നത്. ഇടപാടിനായി സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ വ്യാജമാണോ എന്ന അന്വേഷണവുമുണ്ടാകും. ഒരേ ഉറവിടത്തില്‍ നിന്നു പല ബാങ്കുകളില്‍ പല പേരുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അതും എസ്ടിആര്‍ വഴി പിടികൂടാന്‍ സാധിക്കും.

Related posts