തിരുവനന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വര്‍മ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വര്‍മ്മ.
1939 മെയ് ഒന്നിന് ആലപ്പുഴയിലെ ചേര്‍ത്തലയിലുള്ള വാരനാട് എന്ന ഗ്രാമത്തിലാണു ജഗന്നാഥ വര്‍മയുടെ ജനനം. 1963ല്‍ കേരള പോലീസില്‍ ചേര്‍ന്ന അദ്ദേഹം എസ്.പി ആയിരിക്കേയാണ് സിനിമയില്‍ എത്തിപ്പെടുന്നത്. 1978 ല്‍ എ. ഭീം സിംഗ് സംവിധാനം നിര്‍വഹിച്ച മാറ്റൊലി എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയില്‍ എത്തിയ അദ്ദേഹം നൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ടു. നക്ഷത്രങ്ങളെ സാക്ഷി, അന്തഃപുരം, ശ്രീകൃഷ്ണപ്പരുന്ത്, ന്യൂഡല്‍ഹി, ലേലം, ആറാം തമ്പുരാന്, പത്രം, പരിണയം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം ഒടുവില്‍ അഭിനയിച്ചത് 2013ല്‍ പുറത്തിറങ്ങിയ ഡോള്‍സ് എന്ന സിനിമയിലാണ്.
14ാം വയസില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ ആചാര്യന്മാര്ക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന് പള്ളിപ്പുറം ഗോപാലന് നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന് കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.