ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സികള്‍ നിരോധിച്ചതിനു പിന്നാലെ മൊബൈല്‍ വാലറ്റ് കമ്പനികളുടെ കുതിച്ചുകയറ്റമുണ്ടായി. പുതിയ സ്റ്റാര്‍ട്ടപ് കമ്പനികള്‍ നിര്‍മിക്കുന്ന ഡിജിറ്റല്‍ വാലറ്റുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ഫയര്‍ ഐ. അമേരിക്ക ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ കമ്പനിയാണ് ഫയര്‍ ഐ. സൈബര്‍ ക്രിമിനലുകള്‍ക്കെതിരേ കൃത്യമായ അന്വേഷണം നടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള സംവിധാനം ഇന്ത്യയിലില്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ വാലറ്റുകളുടെ ഉപയോഗം കൂടുന്നത് വലിയ ഭീഷണിയുയര്‍ത്തുന്നുവെന്നും ഫയര്‍ ഐ പറയുന്നു.
കറന്‍സിരഹിത രാജ്യമാകാന്‍ ശ്രമിക്കുന്ന ഇന്ത്യയില്‍ അതു നടപ്പിലാക്കുന്നതിനു മുമ്പ് കാര്യമായ ബോധവത്കരണ പരിപാടികള്‍ നടത്തണമായിരുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ വാലറ്റ് സംവിധാനം നല്കുന്ന കമ്പനികള്‍ സുരക്ഷയ്ക്കു കാര്യമായ പരിഗണന നല്‍കുന്നില്ല. അതിനാല്‍, ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്താനോ പണം കൊള്ളയടിക്കാനോ ഹാക്കര്‍മാര്‍ക്കു കഴിയും.
ഡിജിറ്റല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മതിയായ നിരീക്ഷണങ്ങളോടുകൂടിയല്ല എന്നതിനു തെളിവാണ് വെള്ളിയാഴ്ച പേ ടിഎം 15 പേര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസ് നല്കിയത്. അന്യായമായി റീഫണ്ട് വാങ്ങി 6.15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. ഇത്തരം വാലറ്റുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാനമില്ലെന്നുള്ളതിനു തെളിവാണിത്. കമ്പനിക്കുതന്നെ വലിയ പിഴവ് സംഭവിച്ചെങ്കില്‍ ഇടപാടുകാര്‍ക്കും ഇതു സംഭവിക്കാവുന്നതേയുള്ളൂ.
നവംബര്‍ എട്ടിലെ കറന്‍സി റദ്ദാക്കലിനു ശേഷം ഡിജിറ്റല്‍ വാലറ്റുകള്‍ കുതിച്ചുകയറുകയാണ്. പേടിഎമ്മിന്റെ പ്രതിദിന ഇടപാടുകളുടെ എണ്ണം 70 ലക്ഷവും ഇടപാടു തുക 120 കോടിയുമായി. മറ്റൊരു ഡിജിറ്റല്‍ വാലറ്റായ മൊബി ക്വിക് പുതുതായി കൊണ്ടുവന്ന മൊബി ക്വിക് ലൈറ്റ് ആപ് പുറത്തിറക്കി ആദ്യ രണ്ടു ദിവസംകൊണ്ട് 20 ലക്ഷം ഡൗണ്‍ലോഡുകള്‍ നടന്നു. പേ യുവിന്റെ പ്രതിദിന ഇടപാടുകളാവട്ടെ 12 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ന്നു.
ഇന്ത്യ വലിയ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയമായ വര്‍ഷമാണ് കടന്നുപോകുന്നത്. രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനം എത്രത്തോളം കാര്യക്ഷമമാണെന്ന് ഈ ആക്രമണങ്ങളിലൂടെ മനസിലാക്കാം. സര്‍ക്കാര്‍, കോര്‍പറേറ്റ് കമ്പനികള്‍ തുടങ്ങിയവയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. 2017ല്‍ ഹാക്കര്‍മാര്‍ എടിഎമ്മുകള്‍ ആക്രമിക്കാനാണു സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.