ജഗന്നാഥ വര്‍മ്മ: മലയാള സിനിമയിലെ കുലീന വേഷങ്ങളുടെ കുലപതി! പടിയിറങ്ങിയത് മലയാള സിനിമാ കുടുംബത്തിലെ കാരണവര്‍!

ururuiമുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വര്‍മ്മ. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ വാരനാട് എന്ന ഗ്രാമത്തിലാണ് ജനനം. 1978 ല്‍ എ ഭീംസിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളെ സാക്ഷി, 1980 ല്‍ അന്തപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987ല്‍ ന്യൂഡല്‍ഹി, തുടങ്ങി 2012 ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെ 109 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ അപ്പന്‍ തമ്പുരാനെ അവതരിപ്പിച്ച നരേന്ദ്ര പ്രസാദിന് പിന്നിലായിരുന്നു ജഗന്നാഥ വര്‍മ്മയുടെ സ്ഥാനം. എന്നാല്‍ ആ ചിത്രത്തില്‍ ജഗന്നാഥ വര്‍മ്മ പറഞ്ഞ ഒരു ഡയലോഗ് ഇന്നും നവമാധ്യമങ്ങളില്‍ ട്രോളന്മാര്‍ എടുത്തുപയോഗിക്കാറുണ്ട്. അതിങ്ങനെയായിരുന്നു ‘ ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും…’ ഇത് പറഞ്ഞതിന് ശേഷമുള്ള  ചിരി അദ്ദേഹത്തിന്റെ അഭിനയ മികവിനെ എടുത്തു കാട്ടുന്നതായിരുന്നു. ലേലം എന്ന സിനിമയില്‍ ‘ നേരാ തിരുമേനി..’ എന്ന ഡയലോഗിലൂടെ സോമന്‍ വിറപ്പിച്ച തിരുമേനിയായെത്തിയതും ജഗന്നാഥ വര്‍മ്മയായിരുന്നു.

മെത്രാന്‍, വൈദികന്‍, രാഷ്ട്രീയ നേതാവ്, കാരണവര്‍, ജഡ്ജി തുടങ്ങിയ വേഷങ്ങളിലാണ് അദ്ദേഹം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പേരു പോലെ തന്നെ തലയെടുപ്പുള്ള അദ്ദേഹത്തിന്റെ ബാഹ്യരൂപവും പ്രകൃതവും ഇത്തരം വേഷങ്ങളിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചു എന്നു വേണം കരുതാന്‍. ജഗന്നാഥ വര്‍മ്മ ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെറുതെങ്കിലും ഏറെ ശ്രദ്ധേയമാവുക പതിവായിരുന്നു. നരസിംഹം, ആറാംതമ്പുരാന്‍ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇതിനുദാഹരണം.

ടിവി സീരിയലുകളില്‍ ഏറെ സജീവമായിരുന്നു ജഗന്നാഥ വര്‍മ്മ. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജ്വാലയായി, മാനസി എന്നീ സീരിയലുകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വാമി അയ്യപ്പന്‍, കടമറ്റത്ത് കത്തനാര്‍ എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന മംഗല്യപ്പട്ട് എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു.

അഭിനയത്തോടൊപ്പം അദ്ദേഹം മനസില്‍ കൊണ്ടുനടന്നിരുന്നതും ആസ്വദിച്ചിരുന്നതുമായ ഒന്നായിരുന്നു കഥകളി. പതിനാലാം വയസില്‍ കഥകളി അഭ്യസിച്ച് തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. കലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എത്രത്തോളം വലുതായിരുന്നു എന്നത് ഇതിലൂടെ മനസിലാക്കാവുന്നതാണ്.

fdgdr

പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം എസ്പിയായാണ് വിരമിച്ചത്. ജഗന്നാഥ വര്‍മ്മയുടെ കുടുംബാംഗങ്ങളില്‍ പലരും സിനിമയില്‍ സജീവമാണ്. മകന്‍ മനു വര്‍മ്മ സിനിമാ-സീരിയല്‍ നടനാണ്. സംവിധായകന്‍ വിജി തമ്പി  മരുമകനുമാണ്.

Related posts