നേമം : ക്രിസ്മസ് ദിനങ്ങള്‍ അടുത്തതോടുകൂടി ഉണ്ണിയേശുവിന്റെ പ്രതിമകളുടെ വില്‍പ്പന തകൃതിയില്‍. നേമം ദേശീയപാതയില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയുമായി ബന്ധപ്പെട്ട പ്രതിമകളുടെ വില്‍പ്പനയാണ് നടക്കുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത 20 എണ്ണമുള്ള ഒരു സെറ്റ് പ്രതിമകള്‍ക്ക് 1500 രൂപയാണ് വില. രാജസ്ഥാനില്‍ നിന്നുമെത്തിയ കുടുംബങ്ങളാണ് പ്രതിമകളുടെ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നത്.
പള്ളിച്ചല്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. ക്രിസ്മസ് രാവുകള്‍ തുടങ്ങിയതുമുതല്‍ പുല്‍ക്കൂടൊരുക്കുവാനായി പ്രതിമകളുടെ വില്‍പ്പനയും തുടങ്ങിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ സംഘം പള്ളിച്ചലില്‍ താമസിച്ചുവരികയാണ്. പുരുഷന്മാര്‍ പ്രതിമകള്‍ നിര്‍മ്മിക്കുമ്പോള്‍ സ്ത്രീകള്‍ നിറം കൊടുത്ത് പ്രതിമകള്‍ക്ക് രൂപഭംഗിയും വരുത്തുന്നു. ഓരോ സീസണ്‍ അനുസരിച്ചാണ് ഇവരുടെ പ്രതിമ നിര്‍മ്മാണം. ക്രിസ്മസിന് യേശുദേവന്റെ രൂപം നിര്‍മ്മിക്കുമ്പോള്‍ വിഷുവിന് ശ്രീകൃഷ്ണന്റെ പ്രതിമകളും സരസ്വതിപൂജയ്ക്ക് സരസ്വതി വിഗ്രഹങ്ങളും വിനായക ചതുര്‍ത്ഥിക്ക് ഗണപതി രൂപങ്ങളും നിര്‍മ്മിക്കും. ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് പുറമെ മറ്റ് രൂപങ്ങളും ഇവര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാണ് ജീവിക്കുന്നത്.