തൃശൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതിയെ സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ഭഗവതി രമേശ് എന്നറിയപ്പെടുന്ന രമേശ് (27)ആണ് പിടിയിലായത്.
തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. തൃശൂര്‍ ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളുടെ ഓഫീസ് മുറികള്‍ കുത്തിത്തുറന്നും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുമാണ് പണവും, ആഭരണങ്ങളും നടത്തിയത്. മോഷണം പതിവായ സാഹചര്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ അമ്പല മോഷ്ടാവ് ഭഗവതി രമേഷ് പിടിയിലാകുന്നത്.
മോഷണം തുടങ്ങിയത് 17-ാമത്തെ വയസില്‍
പതിനേഴാമത്തെ വയസില്‍ കേബിളിന് കുഴിയെടുക്കുന്ന ജോലിക്കായിട്ടാണ് കേരളത്തില്‍ എത്തുന്നത്. പിന്നീട് ഇരുമ്പു കടകളില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തിയതിനാണ് ആദ്യമായി പോലീസിന്റെ പിടിയിലാകുന്നത്. നിരവധി പ്രാവശ്യം മോഷണകേസുകളില്‍ അറസ്റ്റിലായി സംസ്ഥാനത്തെ നിരവധി ജയിലുകളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ പുതിയ കൂട്ടുകെട്ടുകളുണ്ടാക്കി മോഷണങ്ങള്‍ ചെയ്യുകയാണ് ഇയാളുടെ രീതി. 2016 ഫെബ്രുവരിയില്‍ മോഷണകേസുകളില്‍ അറസ്റ്റിലായി ജയിലില്‍ പോയതിനുശേഷം 2016 ജൂണില്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇപ്പോള്‍ തന്നെ വിവിധ ജില്ലകളിലായി മുപ്പതോളം ക്ഷേത്രങ്ങളില്‍ കവര്‍ച്ചകള്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചു.
ജയില്‍ വാസത്തില്‍ പഠനം,
ചെറുപ്പത്തില്‍ സ്കൂള്‍ വിദ്യഭ്യാസം ലഭിക്കാതിരുന്ന രമേശിന് മോഷണകേസുകളില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന സമയത്ത് ജയിലില്‍ പഠിക്കാനുള്ള സൗകര്യം ലഭിച്ചിരുന്നു. മലയാളവും തമിഴും എഴുതുവാനും വായിക്കുവാനും പഠിച്ചു. മുമ്പ് പാത്രങ്ങളും, ചെമ്പു കമ്പികളും മോഷണം നടത്തിയാണ് പോലീസിന്റെ പിടിയിലായിരുന്നത്. എന്നാല്‍ ജയിലില്‍ നിന്നുള്ള പഠനത്തിനുശേഷം ഇയാള്‍ മോഷണരീതികളും മാറ്റുകയായിരുന്നു. മുമ്പ് രാത്രി കറങ്ങിനടന്ന് ചെറിയ കടകളിലും മറ്റും മോഷണം നടത്തുകയായിരുന്നു ഇയാളുടെ രീതി. എന്നാല്‍ ജയിലിലെ പഠനത്തിനുശേഷം ഭഗവതി രമേഷ് പകല്‍ സമയങ്ങളില്‍ ബസിലും ട്രെയിനിലും സഞ്ചരിച്ച് മലയാളത്തിലും തമിഴിലുമുള്ള ബോര്‍ഡുകള്‍ വായിച്ചു മനസിലാക്കി അമ്പലങ്ങളുടെ പേരുകളും സ്ഥലങ്ങളുടെ പേരുകളും പഠിച്ചതിനുശേഷം രാത്രിയാണ് മോഷണം നടത്തിയിരുന്നത്.
പ്രതി കവര്‍ച്ച നടത്തിയ പ്രധാന ക്ഷേത്രങ്ങള്‍
കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിന് രാത്രി തൃശൂര്‍ വെങ്ങോട്ടുപ്പിള്ളി മഹാദേവ ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന എഴുപതിനായിരത്തോളം രൂപയും, ഒരു പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. 23ന് രാത്രി പടിയൂര്‍ പാറപ്പുറത്ത് ശ്രീ മുത്തി ഭുവനേശ്വര ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മണിമാലയും, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണപതക്കവും അടക്കം മൊത്തം മൂന്നുപവന്‍ സ്വര്‍ണഭാരങ്ങളും മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി പറഞ്ഞു.
ചാലക്കുടി പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്രം, ചങ്ങരംകുളം കോക്കൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം, കൊടകരയിലുള്ള ശ്രീ ചെങ്ങാതുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രം, കൊരട്ടി കോനൂര്‌ഴ മഹാദേവ ക്ഷേത്രം, വെസ്റ്റ് കൊരട്ടിയിലുള്ള തിരുനാരായണപുരം മഹാവിഷ്ണു ക്ഷേത്രം, വെസ്റ്റ് കൊരട്ടിയിലുള്ള ചെറ്റാരിക്കല്‍ മഹാദേവ ക്ഷേത്രം, ഇരിങ്ങാലക്കുട കൊറ്റനെല്ലൂരിലുള്ള പനമ്പിള്ളി വിഷ്ണുമായ ക്ഷേത്രം, ഇരിങ്ങാലക്കുട കൊറ്റനെല്ലൂരിലുള്ള വര്‍ക്കല ശിവഗിരി മഠത്തിന്റെ കീഴിലുള്ള ശ്രീ ബ്രഹ്മാനന്ദാലയം എന്നീ ക്ഷേത്രങ്ങളിലെ ഓഫീസുമുറികളും ഭണ്ഡാരങ്ങളും തകര്‍ത്ത് പണവും മറ്റും മോഷണം നടത്തിയതായും ഭഗവതി രമേശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂടാതെ നിരവധി ക്ഷേത്രങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്കു പുറമേ വീടുകളും, കടകളും…കേണലിന്റെ വീട്ടിലും
ക്ഷേത്ര മോഷണങ്ങള്‍ക്കു പുറമേ വീടുകളും, കടകളും, ക്രിസ്ത്യന്‍ കപ്പേളയിലും മോഷണം നടത്തിയിട്ടുണ്ട്. വീടുകളില്‍ മോഷണം നടത്തിയതില്‍ സൈന്യത്തില്‍ കേണലായി ജോലി ചെയ്യുന്ന എറണാകുളം പെരുമ്പാവൂര്‍ കീഴില്ലം സ്വദേശി പരത്തുവയലില്‍ റോജി ജോര്‍ജിന്റെ വീട്ടിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ജോലി സംബന്ധമായി വീട് പൂട്ടി പോയിരുന്ന കേണല്‍ വീട്ടില്‍ തിരികെയെത്തിയപ്പേഴാണ് മോഷണവിവരം അറിയുന്നത്. വീട്ടില്‍ നിന്ന് വിലപ്പിടിപ്പുള്ള സാധനങ്ങള്‍ മോഷണം നടത്താന്‍ പ്രതിക്ക് സാധിച്ചില്ല.
വെസ്റ്റ് കൊരട്ടി സ്വദേശി കുരുവിള സൈമണിന്റെ പൂട്ടിയിട്ട വീട്ടിലും മോഷണം നടത്തിയതായും, ചങ്ങരംകുളം കോക്കൂര്‍ നരിപറമ്പില്‍ ഷാജിയെന്നയാളുടെ പൂട്ടികിടന്നിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. അറസ്റ്റിലായ ഭഗവതി രമേഷ് അക്ഷേത്രത്തില്‍ കളവ് നടത്താന്‍ പോകുന്നതിനിടയില്‍ റബ്ബര്‍ തോട്ടത്തിലെ വെള്ളം നിറഞ്ഞ കിണറ്റില്‍ വീഴുകയും മുങ്ങിപോകാതെ കിണറ്റിലെ ചെടികളിലെ വേരില്‍ പിടിച്ച് കിടക്കുകയും രണ്ട് മണിക്കൂറിനുശേഷം കിണറ്റില്‍ നിന്നും കയറി രക്ഷപ്പെടുകയും ചെയ്തു.
പണം ചെലവാക്കാന്‍ മദ്യപാനം, യാത്ര
അറസ്റ്റിലായ ഭഗവതി രമേശ് ജയിലില്‍ നിന്നിറങ്ങയതിനുശേഷം ആറുമാസത്തിനിടയില്‍ ഏകദേശം അഞ്ചുലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തി. മോഷണം നടത്തി കിട്ടിയ ഇത്രയും തുകയും മദ്യപാനത്തിനായും യാത്ര ചെയ്യുന്നതിനായും ചിലവാക്കിയത്രേ. വിവിധ തരത്തിലുള്ള മദ്യവും മറ്റും വാങ്ങി കുടിക്കുന്നതിനായി ഗോവ, മാഹി, പോണ്ടിച്ചേരി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കറങ്ങിനടക്കുകയും, പൈസ ചിലവാക്കിയതിനുശേഷം വീണ്ടും മോഷണങ്ങള്‍ നടത്തി പണം കണ്ടെത്തുകയുമാണ് പതിവ്.
തൃശൂര്‍ ഈസ്റ്റ് സിഐ സേതുവിന്റെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് എസ്‌ഐ ലാല്‍കുമാര്‍, ഷാഡോ പോലീസ് എസ്‌ഐമാരായ എം.പി.ഡേവിസ്, വി.കെ.അന്‍സാര്‍, എഎസ്‌ഐമാരായ. പി.എം.റാഫി, പി..ജി.സുവൃതകുമാര്‍, സീനിയര്‍ സിപിഒ കെ.ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി.വി.ജീവന്‍, പി.കെ.പഴനിസ്വാമി, എം.സ്. ലിഗേഷ്, വിപിന്‍ദാസ്, ഈസ്റ്റ് എഎസ്‌ഐ പ്രദീപ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എ.ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.