ചെന്നൈയിലും ഇംഗ്ലണ്ട് കറങ്ങി വീണു

cricketfbചെന്നൈ: അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4–0ന് സ്വന്തമാക്കി. ചെന്നൈയില്‍ ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് അലിസ്റ്റര്‍ കുക്കിനെയും സംഘത്തെയും കെട്ടുകെട്ടിച്ചത്. അവസാന ദിനം 10 വിക്കറ്റുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തോല്‍വി ഒഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ കുക്കും കെന്റണ്‍ ജെന്നിംഗ്‌സും 103 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ 49 റണ്‍സ് നേടിയ കുക്ക് വീണതോടെ ഇംഗ്ലീഷ് തകര്‍ച്ച തുടങ്ങി.

ആര്‍.അശ്വിനായിരുന്നു ഇതുവരെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ഭീഷണിയെങ്കില്‍ ചെപ്പോക്കില്‍ അവസാന ദിനം രവീന്ദ്ര ജഡേജയുടെ സംഹാര താണ്ഡവമാണ് അരങ്ങേറിയത്. കുക്കിനെ കെ.എല്‍.രാഹുലിന്റെ കൈകളില്‍ എത്തിച്ച് തുടങ്ങിയ ജഡേജ ഏഴ് വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്‌സില്‍ പിഴുതത്. മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കി. കീറ്റന്‍ ജെന്നിംഗ്‌സ് 54 റണ്‍സും മൊയിന്‍ അലി 44 റണ്‍സും നേടി പൊരുതി നോക്കിയെങ്കിലും പരാജയം ഒഴിവാക്കാന്‍ പ്രാപ്തമായിരുന്നില്ല.

സ്‌കോര്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 477, 207. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 759/7 ഡിക്ലയേര്‍ഡ്.

ത്രിപ്പിള്‍ സെഞ്ചുറിയിലൂടെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച കരുണ്‍ നായരാണ് മാന്‍ ഓഫ് ദ മാച്ച്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി പരമ്പരയുടെ താരമായി.

Related posts