ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ പലതവണയായി നിക്ഷേപിക്കുന്നവര്‍ മാത്രമേ വിശദീകരണം നല്‍കേണ്ടതുള്ളെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ് ലി. 5,000 രൂപയിലേറെ വരുന്ന തുക ഡിസംബര്‍ 30ന് മുമ്പ് ഒരു തവണ നിക്ഷേപിക്കുന്നതിന് തടസമില്ല. ഒറ്റത്തവണ എത്ര രൂപയുടെ നിക്ഷേപം നടത്തിയാലും ആര്‍ക്കും ഒരു ചോദ്യവും നേരിടേണ്ടിവരില്ല. പക്ഷേ പല ദിവസങ്ങളിലായി തുക നിക്ഷേപിക്കുന്നത് സംശയാസ്പദമാണെന്നും അതിനാല്‍ എല്ലാവരും കൈയിലുള്ള അസാധു നോട്ടുകള്‍ ഒന്നിച്ച് നിക്ഷേപിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു.
റദ്ദാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയം അവസാനിക്കാന്‍ പത്തുദിവസം മാത്ര ശേഷിക്കെയാണ് പുതിയ നിന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 5,000 രൂപയില്‍ കൂടുതലുള്ള തുക ഒറ്റത്തവണയേ നിക്ഷേപിക്കാന്‍ സാധിക്കൂ. നിക്ഷേപിക്കാന്‍ താമസിച്ചതിനുള്ള കാരണം ബാങ്കില്‍ രേഖയാക്കണമെന്ന നിബന്ധനകളും ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.