എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ലക്ഷ്യമിടുന്നത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെയെന്നു പാര്‍ട്ടിയിലും അടക്കംപറച്ചില്‍. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം തന്നെ സുധീരനെ മാറ്റുക എന്നതാണ്. ഡി.സി.സി പ്രസിഡന്റുമാരുടെ എണ്ണത്തില്‍ വലിയ നഷ്ടം നേരിട്ട എ ഗ്രൂപ്പ് ദുര്‍ബലാവസ്ഥയിലാണ്. ഇതിനെ മറികടക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനംവേണമെന്ന ആവശ്യത്തിലാണ് എ വിഭാഗം. പ്രതിപക്ഷ നേതൃസ്ഥാനം എയ്ക്ക് ലഭിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഐക്ക് ലഭിക്കുന്ന കീഴ്‌വഴക്കമാണ് നിലനിന്നു പോയിരുന്നത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയപ്പോള്‍ സ്വാഭാവികമായും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പില്‍ വന്നു ചേരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കമാന്റ് താത്പര്യ പ്രകാരം സുധീരന്‍ പ്രസിഡന്റാവുകയായിരുന്നു. ജി കാര്‍ത്തികേയനെ പ്രസിഡന്റാക്കാന്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒരുമിച്ച് ശ്രമിച്ചെങ്കിലും സുധീരന് അന്ന് നറുക്കുവീഴുകയായിരുന്നു. എ ഗ്രൂപ്പിനെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി അവര്‍ക്കുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഡി.സി.സി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അവര്‍ പറയുന്നു. ഗ്രൂപ്പിനേറ്റ തിരിച്ചടിയില്‍ കടുത്ത അതൃപ്തിയിലാണ് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിപരിപാടികളില്‍ സജീവമാകാതെയും ഡി.സി.സി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കാതേയും നിസഹകരണം തുടരുന്ന ഉമ്മന്‍ചാണ്ടിയെ മെരുക്കാന്‍ സംസ്ഥാന നേതൃത്വത്തിനും ഹൈക്കമാന്റിനും കഴിയുന്നില്ല.
ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ആന്റണിയെ തന്നെ ഹൈക്കമാന്റ് രംഗത്ത് ഇറക്കിയെങ്കിലും വഴങ്ങാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിലെ ശക്തമായ വിയോജിപ്പ് ഇന്നലെ ആന്റണിയെ കണ്ടപ്പോള്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും പുനസംഘടനയില്‍ കെ.പി.സി.സി പ്രസിഡന്റു സ്ഥാനം എ ഗ്രൂപ്പിന് വേണമെന്ന ആവശ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നാലെ ആന്റണിയെ കണ്ട എ ഗ്രൂപ്പ് നേതാക്കളായ ബെന്നിബഹനാനും തമ്പാനൂര്‍ രവിയും ഗ്രൂപ്പിന്റെ പൊതുവികാരം അറിയിച്ചു. കോണ്‍ഗ്രസില്‍ നിലവില്‍ ജനപ്രീതി ഉമ്മന്‍ചാണ്ടിയ്ക്ക് തന്നെയാണെന്നും അദ്ദേഹത്തെ പിണക്കി മുന്നോട്ടു പോകുക ദുഷ്കരമാണെന്ന കൃത്യമായ സന്ദേശം തന്നെ എ ഗ്രൂപ്പു നേതാക്കള്‍ നല്‍കി. തലമുറമാറ്റത്തിനാണ് ലക്ഷ്യമിട്ടതെന്ന ഹൈക്കമാന്റ് ന്യായം ആന്റണി പറഞ്ഞപ്പോള്‍ ഡി.സി.സി പ്രസിഡന്റുമാരെ മാത്രം മാറ്റിയതുകൊണ്ടു അതു നടപ്പാവില്ലെന്നും കെ.പി.സി.സി പുനഃസംഘടനയും പ്രതിപക്ഷ നേതൃസ്ഥാനവും അടക്കം എല്ലായിടത്തേയ്ക്കും അതു വ്യാപിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്ന നിലപാടെടുത്ത് മാറി നില്‍ക്കാനുള്ള മാന്യത ഉമ്മന്‍ചാണ്ടി കാണിച്ചെന്നും തുല്യ ഉത്തരവാദിത്വം ഉണ്ടായിരുന്ന ചെന്നിത്തലയും സുധീരനും അതിനു തയ്യാറായില്ലെന്നും എ ഗ്രൂപ്പ് ചുണ്ടിക്കാട്ടി. തോല്‍വിയുടെ ഉത്തരവാദിത്വം തങ്ങള്‍ക്കുമാത്രമാണെന്ന നിലപാട് ചില നേതാക്കള്‍ വച്ചുപുലര്‍ത്തുന്നുവെന്നും ഇനി അതു തുടരാന്‍ അനുവദിക്കില്ലെന്നും തലമുറമാറ്റം എല്ലായിടത്തും വേണമെന്ന കടുത്ത നിലപാടില്‍ തന്നെ എ ഗ്രൂപ്പ് നേതാക്കള്‍ ആന്റണിയെ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഐയ്ക്കു വേണമെങ്കില്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും അങ്ങനെ വന്നാല്‍ പ്രതിപക്ഷനേതൃസ്ഥാനം വേണമെന്ന നിലപാടും അറിയിച്ചിട്ടുണ്ട്.