ഗവി വിനോദസഞ്ചാര പദ്ധതിക്ക് വനംവകുപ്പ് തടസം നില്‍ക്കുന്നെന്ന് ആക്ഷേപം

ktm-gaviപത്തനംതിട്ട: ഗവി ഇക്കോ ടൂറിസം മേഖലയുടെ വികസനത്തിന് വനംവകുപ്പ് തടസം നില്‍ക്കുന്നതായി ആക്ഷേപം. വനംവകുപ്പ് നിയോഗിച്ച വിദഗ്ധര്‍ തയാറാക്കിയ പദ്ധതിയനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നത്. പ്രകൃതി സൗഹാര്‍ദ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്കിയിരുന്നത്. എന്നാല്‍ ആങ്ങമൂഴി മുതല്‍ ഗവി വരെയുള്ള റോഡ് നിര്‍മാണം ഒഴികെ എല്ലാ നിര്‍മാണത്തിനും വനംവകുപ്പിലെ ചില ഉന്നതര്‍ തടസം നില്‍ക്കുകയാണെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വനം സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വികസനത്തിന് രൂപരേഖ തയാറാക്കിയത്. സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ചില ഉദ്യോഗസ്ഥര്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.കോന്നി, അടവി, ഗവി പദ്ദതികള്‍ക്കൊപ്പം ജില്ലയിലെ വിവിധ കേന്ദ്രങ്ങളെ കോര്‍ത്തിണക്കി വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ തന്നെ വിനോദസഞ്ചാരികളെ ഗവിയിലെത്തിക്കുന്ന തരത്തില്‍ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇതനുസരിച്ച് വനംമേഖലയില്‍ കാലപ്പഴക്കത്താല്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പ്രകൃതിക്ക് അനുയോജ്യമായി പുനര്‍നിര്‍മിക്കാനും ഗവി തടാകത്തില്‍ കൂടുതല്‍ ബോട്ട് സര്‍വീസിനും ലക്ഷ്യമിട്ടിരുന്നു.

വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങളും ലക്ഷ്യമിട്ടിരുന്നു. വനം വിഭവങ്ങള്‍ കൈയേറുന്നതും വന്യമൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമൊക്കെ തടയുകയും ലക്ഷ്യമിട്ടിരുന്നു. 100 കോടി രൂപയുടെ പദ്ധതിയില്‍ പ്രധാനമായും ഗവിയുടെ ഭൂപ്രകൃതി പൂര്‍ണമായും നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

പെരിയാര്‍ കടുവ സംരക്ഷണ മേഖലയായതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ പദ്ധതിക്ക് തടസം നില്‍ക്കുന്നതെന്നാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. എന്നാല്‍ ഉള്‍വനങ്ങളില്‍ പോലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ താത്പര്യാര്‍ഥം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഇതര നിര്‍മാണ പ്രവര്‍ത്തനങ്ങളും യഥേഷ്ടം നടക്കുന്നുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. ആങ്ങമൂഴി – ഗവി വഴിയുള്ള പാതയെ തമിഴ്‌നാടുമായി ബന്ധിപ്പിച്ച് കൊടൈക്കനാല്‍ – അച്ചന്‍കോവില്‍ ഹൈവേയായി മാറ്റാനും കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നിര്‍ദേശമുണ്ടായിരുന്നതാണ്.

Related posts