രേഖയെ മനസില്‍കണ്ട് എഴുതിയ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള, വാക്ക് തെറ്റിക്കുന്നവരെ അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു, രേഖയെക്കുറിച്ച് ഭര്‍ത്താവിന്റെ ഓര്‍മകള്‍

rekhaസ്വന്തം മകളെയെന്ന പോലെ കാത്ത് സംരക്ഷിച്ചിട്ടും മരണത്തിന്റെ പിടിയില്‍ നിന്ന് മാത്രം അവളെ മാറ്റിനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് മായമ്മയായി മലയാളിയുടെ മനസില്‍ ഇടം പിടിച്ച നടി രേഖാ മോഹന്റെ  ഭര്‍ത്താവ് മോഹനകൃഷണനെ ഇപ്പോള്‍ അലട്ടുന്നത്. നിഴലായി കൂടെ നിന്ന് ഒരു യാത്രപോലും പറയാതെ വിധിയ്ക്ക് കീഴടങ്ങിയ പ്രിയ പത്‌നിയുടെ ഓര്‍മ്മകളിലേക്ക് മോഹനകൃഷ്ണന്‍ ഊളിയിടുന്നു.

വാക്ക് തെറ്റിക്കുന്നവരെ രേഖയ്ക്ക് ഇഷ്ടമല്ലായിരുന്നു. വളരെയധികം രസിച്ചാണ് അഭിനയിച്ചിരുന്നത്. സങ്കടം അഭിനയിക്കാന്‍ രേഖയ്ക്ക് ഗ്ലിസറിന്‍ വേണ്ടായിരുന്നു എന്ന് പറയുമ്പോള്‍ എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് അവള്‍ അഭിനയിച്ചിരുന്നത് എന്ന് മനസിലാവും. പണത്തിന് വേണ്ടിയായിരുന്നില്ല രേഖ അഭിനയിച്ചിരുന്നത്. സ്വന്തം വണ്ടിയിലെ പോകു. രേഖ പറയുന്ന ഹോട്ടലിലേ താമസിക്കു. നിര്‍മാതാവ് കൊടുക്കുന്നതിന്റെ ബാക്കി തുക പേ ചെയ്യും. രേഖയെ മനസില്‍ കണ്ട് എഴുതിയ പല കഥാപാത്രങ്ങളും രേഖയുടെ നിഷ്പക്ഷമായ സ്വഭാവ സവിശേഷത കാരണം മാറിപ്പോകുകപോലുമുണ്ടായി. അതിലൊന്നും അവള്‍ക്ക് യാതൊരു വിഷമവും പരാതിയും ഉണ്ടായിരുന്നില്ല. വളരെ ബോള്‍ഡായിരുന്നു അവള്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ യൂണിയന്‍ ഭാരവാഹിയായിരുന്നു.

ഞങ്ങള്‍ തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു എന്ന കാരണത്താല്‍ വിവാഹം മുടക്കാന്‍ ആരൊക്കെയോ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നെ വിവാഹം കഴിയ്ക്കാന്‍ അവള്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചതെന്ന് പിന്നീടൊരവസരത്തില്‍ ഞാന്‍ അറിഞ്ഞു. അതില്‍ എനിക്ക് വിസ്മയം തോന്നിയിട്ടുണ്ട്. അപ്പൂസേ..എടാ..കുരങ്ങാ എന്നിങ്ങനെയൊക്കെയാണ് അവള്‍ എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. മോളേ എന്നല്ലാതെ ഞാനും വിളിച്ചിട്ടില്ല. ഭാര്യയെ എന്നതിനേക്കാള്‍ കൊച്ചുകുട്ടിയേപ്പോലെ അവളെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം. ആരെങ്കിലും രേഖ മകളാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിക്കും. അത് പക്ഷേ അവള്‍ക്കിഷ്ടമല്ലായിരുന്നു.

ഇടത് മാറിടത്തില്‍ അനുഭവപ്പെട്ട കല്ലിപ്പിനേത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രേഖയില്‍ കാന്‍സര്‍ കണ്ടെത്തിയത്. 2000ത്തില്‍ തൈയ്‌റോയ്ഡ് കാന്‍സറും വന്നിരുന്നു. സിംഗപ്പൂരിലാണ് അതിന്റെ ചികിത്സകള്‍ നടത്തിയത്. തന്നെയൊരു കാന്‍സര്‍ സര്‍വൈവറായി ആരും നോക്കി കാണുന്നത് അവള്‍ക്കിഷ്ടമല്ലായിരുന്നു. സര്‍ജറികളും പരിശോധനകളും ഇടയ്ക്കിടെ നടത്തിയിരുന്നു. അവസാനം നടത്തിയ പരിശോധനയിലും ഹൃദയത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ മരണത്തിന്റെ മിടിപ്പെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു. ഉറക്കത്തില്‍ പതിയെ വന്ന് മരണം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സാമ്പത്തിക ബാധ്യത കാരണം അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതില്‍ സത്യമില്ലെന്നും മോഹനകൃഷ്ണന്‍ പറയുന്നു.

Related posts