ഇങ്ങനെയൊക്കെ മതിയോ?

SINDHUഉയര്‍ച്ചതാഴ്ചകളുടെ ഒരു വര്‍ഷമാണ് 2016ല്‍ ഇന്ത്യ കായികലോകത്ത് അടയാളപ്പെടുത്തിയത്. ക്രിക്കറ്റില്‍ സച്ചിന്‍ യുഗത്തിനു ശേഷവും കുതിപ്പുകളുണ്ടായപ്പോള്‍ കാല്‍പ്പന്തുകളിയില്‍ വലിയ മാറ്റത്തിന്റെ കാറ്റ് വീശുന്നതിനും 2016 സാക്ഷ്യം വഹിച്ചു. ഏറെ പ്രതീക്ഷകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി പോയിട്ടും റിയോ ഒളിമ്പിക്‌സില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. വെള്ളിവെളിച്ചത്തില്‍ നിന്നും ഓരോ വര്‍ഷവും അകന്നു പോയിരുന്ന രാജ്യത്തിന്റെ കായികവിനോദമായ ഹോക്കിയില്‍ ഇന്ത്യ വീണ്ടും ശക്തിയാര്‍ജിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് അടുത്ത വര്‍ഷത്തെ സ്വപ്നങ്ങള്‍ക്കു നിറപ്പകിട്ടേകുന്നു. ലോകകായിക ഭൂപടത്തില്‍ വര്‍ഷാവസാനത്തോടെത്തുമ്പോള്‍ ഇന്ത്യയെ ഉന്നതിയിലേക്കുയര്‍ത്തിയ കായിക ഇനങ്ങളും താരങ്ങളും നിരവധി.

പി.വി. സിന്ധു

സൈന നെഹ്വാളിന്റെ നിഴലില്‍നിന്നും ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണിയായുള്ള പി.വി. സിന്ധുവിന്റെ പട്ടാഭിഷേകത്തിന്റെ വര്‍ഷമാണ് കടന്നു പോകുന്നത്. റിയോ ഒളിമ്പിക്‌സില്‍ ആരും പ്രതീക്ഷയര്‍പ്പിച്ചില്ലെങ്കിലും അവിടെനിന്ന് മെഡലുമായി തലയുയര്‍ത്തി എത്തിയത് സാക്ഷി മാലിക്കിനൊപ്പം സിന്ധു മാത്രം. ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിനോട് പരാജയപ്പെട്ടെങ്കിലും ആ വെള്ളിത്തിളക്കം ഇന്ത്യ ഒന്നാകെ ആഘോഷിച്ചു. പിന്നീട് നടന്ന ചൈനീസ് ഓപ്പണ്‍ സീരിസില്‍ കിരീടം ഉയര്‍ത്തി ഒളിമ്പിക് വെള്ളി മെഡല്‍ നേട്ടം വെറും ഭാഗ്യനേട്ടമല്ലെന്നു തെളിയിച്ചു. ഹോങ്കോംഗില്‍ ഫൈനലിലെത്തിയപ്പോള്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വര്‍ഷാവസാന സൂപ്പര്‍ സീരിസില്‍ സെമിയിലെത്താനും സിന്ധുവിന് സാധിച്ചു.

സാക്ഷി മാലിക്ക്

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടത്തിനുടമ. 58 കിലോ വിഭാഗം ഗുസ്തിയിലാണ് സാക്ഷി വെങ്കലം ഇടിച്ചിട്ടത്. ഗുസ്തിയില്‍ ഇന്ത്യയില്‍നിന്നും സ്വര്‍ണം നേടുന്ന ആദ്യവനിതയുമാണ് സാക്ഷി.

ലിയാന്‍ഡര്‍ പെയ്‌സ്

പ്രായത്തിന്റെ തളര്‍ച്ച ബാധിക്കാത്ത ടെന്നീസ് വിസ്മയമായി 2016ലും ഇന്ത്യയുടെ അഭിമാനമായി മാറാന്‍ ലിയാന്‍ഡര്‍ പെയ്‌സിനു സാധിച്ചു. 43–ാം വയസില്‍ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയാണ് ലിയാന്‍ഡര്‍ ടെന്നീസില്‍ ഇത്തവണയും ഇന്ത്യന്‍ പതാക നാട്ടിയത്. മാര്‍ട്ടിന്‍ ഹിന്‍ജിസിനൊപ്പമായിരുന്നു ലിയാന്‍ഡറിന്റെ കിരീട നേട്ടം.

അദിതി അശോക്

ഗോള്‍ഫ് കോര്‍ട്ടും ഇന്ത്യക്കു വഴങ്ങുമെന്നു അദിതി തെളിയിച്ചപ്പോള്‍ 2016ലെ കായിക ലോകത്തു നിന്നുള്ള യൂത്ത് സെന്‍സേഷനായി മാറാന്‍ അധികം താമസുമുണ്ടായില്ല. റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ സാധിച്ചില്ലെങ്കിലും വനിതകളുടെ യൂറോപ്യന്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി അദിതി ചരിത്രപുസ്തകത്തില്‍ ഇടം നേടി. വനിതകളുടെ ഹീറോ ഇന്ത്യന്‍ ഓപ്പണ്‍ കിരീടമാണ് അദിതി സ്വന്തമാക്കിയത്.

ദിപ കര്‍മാക്കര്‍

ഒളിമ്പിക്‌സില്‍ മെഡല്‍ പോഡിയത്തിലെത്തിയില്ലെങ്കിലും ജിംനാസ്റ്റിക്‌സിലെ ഇന്ത്യന്‍ നക്ഷത്രമായി മാറുകയായിരുന്നു ദിപ കര്‍മാക്കര്‍. ജിംനാസ്റ്റിക്‌സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായതിനു പുറമെ മെഡല്‍ നേട്ടത്തിനടുത്തു വരെയെത്തി. ഒട്ടും താഴെയല്ലാത്ത നാലാം സ്ഥാനത്താണ് ദിപ ഒളിമ്പിക്‌സ് അവസാനിപ്പിച്ചത്. ത്രിപുരയില്‍ നിന്നുള്ള 23–ാകാരിയുടെ പ്രകടനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

കബഡി – പുരുഷ ടീം

കബഡിയില്‍ ഇത്തവണയും ഇന്ത്യയെ വെല്ലാനുള്ള കരുത്ത് മറ്റൊരു ടീമിനും ഇല്ലെന്നു തെളിഞ്ഞു. 2016ല്‍ കബഡി ലോകകപ്പ് മൂന്നാം വട്ടവും നേടിയാണ് ഇന്ത്യ മിന്നിയത്.

ഹോക്കി

ഇന്ത്യയുടെ ദേശീയ കായിക വിനോദമാണെങ്കിലും അതിനു ചേര്‍ന്ന പ്രകടനങ്ങളായിരുന്നില്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യ നടത്തിയിരുന്നത്. ഒളിമ്പിക്‌സ് സ്വര്‍ണം അപ്രാപ്യമായെങ്കിലും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ കപ്പുയര്‍ത്തി. പുരുഷ ടീം ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ വനിതാ ടീം മറികടന്നത് ചൈനയെ. പുരുഷ ടീമിന്റെ വിജയത്തില്‍ മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മികവ് ശ്രദ്ധേയമായി.

ജൂണിയര്‍ ഹോക്കി

വരും തലമുറയുടെ തലയെടുപ്പുകൊണ്ടും ശ്രദ്ധേയമായ വര്‍ഷമാണിത്. ജൂണിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ യുവനിര ചാമ്പ്യന്മാരായി. 15 വര്‍ഷത്തിനു ശേഷമുള്ള ഈ കിരീടധാരണത്തിലൂടെ ഇന്ത്യക്ക് അടുത്ത തലമുറയില്‍ ഹോക്കിയിലെ അപ്രമാദിത്വം തിരിച്ചുപിടിക്കാനുള്ള സ്വപ്നങ്ങള്‍ നെയ്തു തുടങ്ങാം.

ബംഗളൂരു എഫ്‌സി

ഉറങ്ങുന്ന ഭീമനെന്ന് ഫിഫ പോലും അടയാളപ്പെടുത്തിയ ഇന്ത്യക്ക് കാല്‍പ്പന്തു കളിയിലും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും എഎഫ്‌സി കപ്പിന്റെ കലാശപോരാട്ടത്തിനു യോഗ്യത നേടുന്ന ആദ്യടീമായി ബംഗളുരു എഫ്‌സി മാറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഛേത്രിയുടെ ടീമിന്റെ എഎഫ്‌സി കപ്പിലെ ജൈത്രയാത്ര ഉറങ്ങുന്ന ഭീമന് ഉണര്‍ത്തുപാട്ടായാല്‍ ലോകകപ്പ് എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നത്തിലേക്ക് അധിക ദൂരമുണ്ടാവില്ല.

അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത

ഇന്ത്യന്‍ ഫുട്‌ബോളിനെ രാജ്യാന്തര തലത്തില്‍ അടയാളപ്പെടുത്തുന്നതിന് ഐഎസ്എലിന്റെ സ്വാധീനം ഏറെ വലുതാണ്. ഇതിഹാസ താരങ്ങള്‍ ഓരോ വര്‍ഷവും ഐഎസ്എലില്‍ പന്തുതട്ടാനെത്തുന്നു. 2016ലെ ഐഎസ്എല്‍ കിരീടം നേടിയത് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയാണ്. കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ രണ്ടാം വട്ടവും പരാജയപ്പെട്ടെങ്കിലും കാല്‍പ്പന്തു കളിയോടുള്ള കേരളത്തിന്റെ അഭിനിവേശം ലോക ഫുട്‌ബോളില്‍ പോലും ചര്‍ച്ച ചെയ്യുന്ന തലത്തിലാണ് കാര്യങ്ങള്‍ അവസാനിച്ചത്. നിരവധി ഇന്ത്യന്‍ താരങ്ങളുടെ ഉദയത്തിനും ഐഎസ്എല്‍ പങ്കുവഹിച്ചു. സന്ദേശ് ജിങ്കന്‍, സി.കെ. വിനീത്, ലക്ഷ്മികാന്ത് കട്ടിമണി, അനസ്, പ്രബീര്‍ ദാസ് തുടങ്ങി ഐഎസ്എലില്‍ മികവു തെളിയിച്ചവര്‍ ഏറെ.

വിജേന്ദര്‍ സിംഗ്

അമച്വര്‍ ബോക്‌സിംഗില്‍ നിന്നും കൂടുമാറി പ്രൊഫഷണല്‍ ബോക്‌സിംഗില്‍ റിംഗിലെ ഇടിക്കൂട്ടിലും വിജേന്ദര്‍ സിംഗ് അജയ്യനായി കുതിക്കുന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടക്കാരനായ വിജേന്ദര്‍ പ്രൊ ബോക്‌സിംഗില്‍ ഓസ്‌ട്രേലിയന്‍ താരം കെറി ഹോപ്പിനെ മലര്‍ത്തിയടിച്ചു ഏഷ്യാ പസഫിക് മിഡില്‍ വെയ്റ്റ് കിരീടമാണ് ഇടിച്ചിട്ടത്. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചെക്കയെ പരാജയപ്പെടുത്തി കിരീടം വിജേന്ദര്‍ അരക്കിട്ടുറപ്പിച്ചു.

ക്രിക്കറ്റ്

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള കളിക്കു ഏറ്റവും ഗുണകരമായ വര്‍ഷമായിരുന്നു 2016. ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്നതിനു പുറമെ 18 കളികളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന റിക്കാര്‍ഡും ഇന്ത്യ സ്വന്തമാക്കി. ട്വന്റി–20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായെങ്കിലും ഏഷ്യാ കപ്പ്, ന്യൂസിലന്‍ഡിനെതിരേയുള്ള പരമ്പര തുടങ്ങിയ നിരവധി കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കി.

Related posts