ശബരിമല: ശബരിമലയില്‍ സേവനം ചെയ്യുന്ന കെഎപി അഞ്ചാം ബറ്റാലിയനിലെ പോലീസുകാര്‍ക്ക് യാത്രാ അലവന്‍സ് ലഭിച്ചില്ലെന്ന് പരാതി. എരുമേലിയില്‍ ഒരാഴ്ച സേവനമനുഷ്ഠിച്ചശേഷമാണ് ഇവരെ സന്നിധാനത്തേക്ക് നിയോഗിച്ചത്. പതിനെട്ടാംപടിയിലാണ് ഇവരുടെ സേവനം.
തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ എരുമേലിയില്‍ വച്ച് 1400 രൂപ വീതം ഇവര്‍ക്ക് അലവന്‍സ് ലഭിച്ചതായി പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്പെഷല്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ മുന്‍കൂറായാണ് തുക നല്‍കുന്നത്. ശബരിമലയിലും എരുമേലിയിലും ജോലി ചെയ്യുന്ന എല്ലാ പോലീസുകാര്‍ക്കും യാത്രാ അലവന്‍സ് ലഭിച്ചിട്ടും തങ്ങള്‍ക്കുമാത്രം ഇത് ലഭിക്കാത്തതിനാല്‍ സേനാംഗങ്ങള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
തീര്‍ഥാടനകാലത്ത് സ്പെഷല്‍ ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങള്‍ക്കുള്ള അലവന്‍സ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍കൂറായി അനുവദിച്ചതാണ്. ഇവര്‍ക്ക് ഉള്‍പ്പെടെ ബാങ്ക് അക്കൗണ്ട് മുഖാന്തരവും ചിലര്‍ക്ക് പണമായും ലഭിച്ചിരുന്നു. കെഎപി അഞ്ചാം ബറ്റാലിയന് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് തുക യഥാസമയം ലഭ്യമാകാതിരിക്കാന്‍ കാരണമെന്ന് പറയുന്നു. ഓഫീസില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട് വന്നില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്.