കണമല: കാളകെട്ടിയിലും കരിമലയിലുമൊക്കെ വാനരന്മാര് ആര്‍ത്തിയോടെ നോക്കുന്നു, ശരണം വിളിക്കുന്ന മുഖങ്ങളിലേക്ക്. കാട്ടില്‍ വെള്ളത്തിനായി പരക്കം പായുകയാണ് അവയും. ക്ഷീണവും പരവേശവും പകുതി വെള്ളത്തില്‍ ഒതുക്കി ബാക്കിയുള്ളത് സൂക്ഷിച്ച് വയ്ക്കാനാകാതെ അനുകമ്പയോടെ വാനരന്മാര്ക്ക് നല്‍കുകയാണ് സ്വാമിഭക്തരില്‍ ചിലര്‍.
കാടിന്റെ ഭംഗിയില്‍ തീര്‍ഥാടനത്തിന്റെ ഭക്തിയേറുമ്പോഴും കുടിവെള്ളത്തിന് വലയാതെ മറ്റ് മാര്‍ഗമില്ല. മുന്‍കാലങ്ങളില്‍ പ്രകൃതിയൊരുക്കിവെച്ച നീരുറവകളും കാട്ടുചോലകളും ധാരാളമായിരുന്നതൊന്നും ഇപ്പോള്‍ കാണാനില്ല. പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചിരിക്കുകയാണ്. പകരം വനംവകുപ്പിന്റെ ജലവിതരണം കാര്യക്ഷമ മല്ലാത്തതിനാല്‍ ദുരിതം വര്‍ധിക്കുകയാണ്.
ശബരിമലയിലേക്ക് പോകാന്‍ അയ്യപ്പഭക്തര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങുമ്പോഴാണ് കാട്ടിലെ ഈ വഴിത്താര തെളിയുന്നത്. ആനകളുടെ സഞ്ചാരപാതയും വഴിക്കിടെയുണ്ട്. ആനകളുടെ സാന്നിധ്യം മൂലം രാത്രിയില്‍ ഭക്തരുടെ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലും ആനകള്‍ ഭക്തരുടെ ജീവനെടുത്തിട്ടുണ്ട്. വഴിയില്‍ ചെറിയ ഷെഡ്ഡുകളിലാണ് കടകള്‍. തലച്ചുമടായി പുറത്തുനിന്നു വെളളവും സാധനങ്ങളുമെത്തിക്കുന്നതിനാല് കടകളില്‍ ക്ഷാമവും വില കൂടുതലുമാണ്. കരിമ്പടം പുതച്ച പോലെയാണ് വഴികള്‍.
പകല്‍വെളിച്ചം വന്മരങ്ങളുടെ ഉച്ചിയില്‍ തട്ടി നിഴല്‍ വെട്ടമായി ചിതറിവീഴുന്നു. ചില സ്ഥലങ്ങളിലെത്തുമ്പോള്‍ സന്ധ്യയായ പ്രതീതി. ചെരുപ്പ് ധരിക്കാതെ കാടിന്റെ പച്ചപ്പിലും കല്ലുകളിലും വേരുകളിലും ചവിട്ടിയാണ് മണിക്കൂറുകള്‍ നീളുന്ന യാത്ര. നേരം പുലരും മുന്‍പ് മരം കോച്ചുന്ന മഞ്ഞില്‍ വനയാത്ര നടത്തുന്ന ഭക്തരേറെയാണ്. പ്രഭാതത്തില്‍ സന്നിധാനത്ത് ദര്‍ശനം നടത്താനാണ് മഞ്ഞ് മൂടിയ മലമടക്കുകളിലൂടെ ശരണം വിളികളുടെ തീവ്രത കരുത്താക്കി ഭക്തരെത്തുന്നത്.
പകല്‍ കുളിര് കാറ്റിന്റെ തഴുകലില്‍ കഠിനയാത്രയുടെ ക്ലേശത്തിന് അയവുണ്ട്. അഴുതയാര്‍ കടന്ന് കല്ലിടാം കുന്ന് കയറുമ്പോള്‍ ദാഹിച്ചവശരായിപ്പോകും. ഹൃദയമിടിപ്പ് ദുര്‍ബലമാകും. പ്രകൃതിയുടെ ശുദ്ധ വായുവാണ് ഇവിടെ ഹൃദ്രോഗികള്‍ക്ക് ജീവശ്വാസമായി മാറി അമൃതാകുന്നത്.
ചാരുകസേരയുടെആകൃതിയില് പാറക്കല്ലുകളില്‍ പ്രകൃതിയൊരുക്കിയ ഇരിപ്പിടങ്ങളില്‍ ക്ഷീണം കൊണ്ട് ഭക്തര്‍ ഇരിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ കൂമ്പി മിഴികള്‍ അടഞ്ഞ് മയങ്ങിപ്പോകും. ശിഖരങ്ങള്‍ വളളിയൂഞ്ഞാല് പോലെ പന്തലിച്ച മരങ്ങള്‍ക്ക് കൈയെത്തിപ്പിടിക്കാനാകാത്ത വലിപ്പമാണ് ചുറ്റും. വഴിയില്‍ കാട്ടുമാവിന്റെ പടുകൂറ്റന്‍ മരമുണ്ട്. വന്‍ ശിഖരങ്ങളുടെ വലുപ്പമുളള അതിന്റെ വേരുകള്‍ പ്രകൃതി പണിയിച്ചെടുത്ത കിടക്ക പോലെയാണ്. തീര്‍ഥാടക സംഘങ്ങളുടെ വിശ്രമകേന്ദ്രമാണിവിടം. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഭാഷയുടെ തടസമില്ലാതെ പരിചയപ്പെടുന്നതും ഇത്തരം വന്മരങ്ങളുടെ തണുപ്പിലാണ്.
വഴിയില്‍ ഭക്ഷണവും വെളളവും തീരുമ്പോള്‍ ഇത്തരം സൗഹൃദസംഘങ്ങള്‍ ദാനത്തിന്റെ പുണ്യം പകരാനുണ്ടാവും. വനജീവികള്‍ക്കും ഭക്ഷണവും വെളളവും പകരുന്നതും സ്വന്തം ദുരിതങ്ങള്‍ മറന്നാണ്. സഹനവും ക്ഷമയും കരുണയും ഒരേ പോലെ ആത്മീയ ചൈതന്യമായി അണിയാന്‍ കാനനയാത്ര വേദിയാകുന്നു. വെളളാരം പാറക്കീറുകള് നിറഞ്ഞ വഴിയുണ്ട് പാതയില്‍. പണ്ട് അയ്യപ്പഭക്തര്‍ നല്കിയ വെളളാരംചെറ്റയെന്ന പേരാണ് ഇപ്പോഴും ഈ സ്ഥലത്തിന്. കാല്പാദങ്ങളെ നോവിപ്പിക്കുന്ന ഈ പാറച്ചീളുകള്‍ മറികടക്കാന്‍ ക്ലേശമേറെയാണ്.
മഞ്ഞപ്പൊടി വഴിപാടായി വിതറുന്ന മലഞ്ചെരിവിലെ സ്ഥലത്തിന് മഞ്ഞപ്പൊടിത്തട്ട് എന്നാണ് പേര്. കരിയിലകള്‍ കുമിയുന്ന ചെറിയ പൊയ്കയ്ക്ക് കരിയിലാംതോട് എന്നാണ് പേര്. പമ്പയടുക്കാറുമ്പോള് വിശാലമായ രണ്ട് പ്രദേശങ്ങള്‍ യാത്രാക്ഷീണത്തെ പമ്പ കടത്തും. ചെറിയാനവട്ടം, വലിയാനവട്ടം എന്നിവയാണ് ഈ സ്ഥലങ്ങള്‍. വന ദൈവങ്ങളെന്ന സങ്കല്പമായി ചെറിയ ശിലകളില്‍ വഴിയിലുളള പ്രതിഷ്ഠകളൊക്കെ തീര്‍ഥാടകരുടെ ഭക്തിനിറയ്ക്കും. അവിടെ ചുറ്റിത്തിരിഞ്ഞ് അലയുന്ന വനജീവികളുടെ വിശപ്പും ദാഹവും തീരുന്നില്ല. കാരുണ്യമേറെ ചൊരിയാനും സ്വന്തം ദാഹമകറ്റാനും കുടിനീരിനായി വലയുകയാണ് ഭക്തരും.