2000 ഒറിജിനലോ, വ്യാജനോ; സംശയം മാറാതെ റാന്നി പോലീസ്; സ്ഥിതീകര ണത്തിനായി നോട്ട് എസ്ബിടി ശാഖയില്‍ നല്‍കി;പരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ നടപടിയെന്ന് പോലീസ്

rupeesറാന്നി: വ്യാജനെന്ന സംശയത്തില്‍ പോലീസിന്റെ പക്കലെത്തിയ 2000 രൂപ നോട്ടിന്റെ കാര്യത്തില്‍ വ്യാജനോ ഒറിജിനലോ എന്നതു സംബന്ധിച്ചു സ്ഥിതീകരണം ലഭിച്ചില്ല. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത നോട്ട് പോലീസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റാന്നി ശാഖയില്‍ പരിശോധനയ്ക്കായി ഏല്പിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും പരിശോധനാഫലം ലഭിച്ചെങ്കില്‍ മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ കഴിഞ്ഞ ദിവസം 2000 രൂപയുടെ കള്ളനോട്ട് പിടിച്ചെന്ന വാര്‍ത്ത പോലീസ് നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയും ചെയ്തു.

വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് അത്തരം നിലപാട് സ്വീകരിക്കാന്‍ പോലീസിനെ ആദ്യം പ്രേരിപ്പിച്ചത്. പിന്നീട് നോട്ടിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനും ശ്രമങ്ങള്‍ ആരംഭിച്ചു. ബാങ്കില്‍ നിന്നും പരിശോധനാഫലം ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുമെന്നാണ് പോലീസ് നല്കുന്ന സൂചന.ലോട്ടറി വില്പനക്കാരന്‍ ലാസറിന് വടശേരിക്കരയില്‍ നിന്നും റാന്നിയിലേക്കുള്ള യാത്രമധ്യേ ബസില്‍ വിറ്റഴിച്ച 200 രൂപയുടെ ലോട്ടറി ടിക്കറ്റിനു പകരമായാണ് ചില്ലറയില്ലെന്നു പറഞ്ഞ് ലോട്ടറി എടുത്തയാള്‍ 2000 രൂപ നല്കിയത്.

ലാസര്‍ ഇയാള്‍ക്ക് 1800 രൂപ തിരികെ നല്കുകയും ചെയ്തു. ഇട്ടിയപ്പാറയിലെത്തി ലോട്ടറി കടയില്‍ നിന്ന് കൂടുതല്‍ ലോട്ടറി വാങ്ങി 2000 രൂപ നല്കിയപ്പോഴാണ് നോട്ടിന്റെ കാര്യത്തില്‍ ലോട്ടറി വ്യാപാരിക്ക് സംശയമുണ്ടായതും പോലീസില്‍ അറിയിച്ച് നോട്ട് കൈമാറിയതും. നോട്ടില്‍ കണ്ട പ്രകടമായ വ്യത്യാസങ്ങളും കളറിലെ മാറ്റവുമാണ് നോട്ട് സംശയത്തിനിടയാക്കിയത്. എന്നാല്‍ പ്രഥമദൃഷ്ട്യാ നോട്ട് വ്യാജനെന്നോ ഒറിജിനലെന്നോ പറയാതെ ബാങ്കില്‍ പരിശോധനയ്ക്കായി നല്കാന്‍ പോലീസ് തയാറാകുകയായിരുന്നു.

Related posts