ക്രിസ്മസ് വിപണി സജീവമായി…താരങ്ങളായി പുലിമുരുകനും തോപ്പില്‍ ജോപ്പനും; വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയില്‍ കച്ചവടക്കാര്‍

CHRISMAS-VIPANIFBകോട്ടയം: നോട്ട് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും ക്രിസ്മസിന് ദിവസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണി സജീവമായി. കടകളിലെങ്ങും നക്ഷത്രങ്ങളും പുല്‍ക്കൂടും സാന്താക്ലോസും അടക്കമുള്ള സാധനങ്ങള്‍ വാങ്ങാനുള്ളവരുടെ തിരക്കാണ്. ബലൂണുകളും അലങ്കാര വിളക്കുകളും ക്രിസ്മസ് ട്രീയ്ക്ക് ആവശ്യമുള്ള സാധനങ്ങളുമായി വഴിയോര കച്ചവടവും സജീവമായി.

പതിവുപോലെ തന്നെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പേരുകളില്‍ ഇറക്കിയിരിക്കുന്ന നക്ഷത്രങ്ങള്‍ തന്നെയാണ് ഇത്തവണയും നക്ഷത്ര വിപണിയുടെ ഹൈലെറ്റ്. അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, കബാലി, ഒപ്പം… എന്നിങ്ങനെ പോകുന്നു കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള കടകളിലെ നക്ഷത്രങ്ങളുടെ പേരുകള്‍.

പേപ്പര്‍ നക്ഷത്രങ്ങള്‍ക്കു പുറമേ ഇത്തവണ പ്ലാസ്റ്റിക്, ഫൈബര്‍ നക്ഷത്രങ്ങളും കൂടുതലായി വിപണിയില്‍ എത്തിയിട്ടുണ്ട്. ഇവയ്ക്കാണ് ഡിമാന്റ് കൂടുതല്‍. 185 രൂപ മുതല്‍ 450 രൂപ വരെയാണ് ഇത്തരം നക്ഷത്രങ്ങളുടെ വില. ഒന്നിലധികം വര്‍ഷങ്ങളില്‍ ഇവ ഉപയോഗിക്കാമെന്നതിനാല്‍ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നു വ്യാപാരികള്‍ പറഞ്ഞു.

നക്ഷത്രങ്ങള്‍ക്കു ശോഭ കൂട്ടാന്‍ വിവിധ തരത്തിലുള്ള എല്‍ഇഡി ലൈറ്റുകളും തയാറായി കഴിഞ്ഞു. വലുപ്പവും നിരകളുടെ എണ്ണവും അനുസരിച്ച് ഇതിന്റെ വിലയിലും വ്യത്യാസമുണ്ട്. 30 രൂപ മുതല്‍ 1000 രൂപ വിലയുള്ള എല്‍ഇഡി ബള്‍ബുകളും 15 രൂപവരെ വിലയുള്ള ചെറിയ നക്ഷത്രങ്ങളും വിപണില്‍ സജീവമാണ്.

വിവിധതരം ട്രീകളും അലങ്കാരവസ്തുക്കളും ഇത്തവണയും വിപണിയിലെത്തിയിട്ടുണ്ട്. വലുപ്പം കുറഞ്ഞ പ്ലാസ്റ്റിക് ക്രിസ്മസ് ട്രീക്ക് 250 രൂപയും വലുപ്പം കൂടിയവയ്ക്കു 700 രൂപയ്ക്കു മുകളിലുമാണു വില. സാന്താക്ലോസിന്റെ ചെറിയ രൂപത്തിന് 25 രൂപ മുതലാണു വില. ട്രീയില്‍ തൂക്കിയിടുന്ന വിവിധ നിറത്തിലുള്ള ബോളുകള്‍ 10 രൂപ മുതല്‍ ലഭിക്കും. പച്ച നിറത്തിലുള്ള ട്രീകള്‍ക്ക് പകരം ഗോള്‍ഡന്‍, സില്‍വര്‍, ചുവപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് ട്രീകളും വിപണിലുണ്ട്. കൂടാതെ ഇലകളില്‍ മഞ്ഞുതുളളികളുള്ള മിസ്റ്റ് ട്രീ, എല്‍ഇഡി ലൈറ്റുകളോടു കൂടിയ ട്രീകളും വിപണിയില്‍ സുലഭമാണ്.

വഴിയോര വിപണിയില്‍ സാന്താക്ലോസിന്റെ മുഖംമൂടികള്‍, തൊപ്പികള്‍, ബലൂണുകള്‍, ക്രിസ്മസ് ട്രീയിലെ അലങ്കാര വസ്തുക്കള്‍ എന്നിവയുടെ കച്ചവടമാണ് ഏറെയും നടക്കുന്നത്. വരുംദിവസങ്ങളില്‍ വഴിയോര വിപണിയിലെ കച്ചവടം കൂടുതല്‍ ഉഷാറാകുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍.

Related posts