കള്ളപ്പണം ഒട്ടുമിക്ക ലോകരാജ്യങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും മൂന്നാം ലോക രാജ്യങ്ങളിലുമാണ് കള്ളപ്പണം കൂടുതല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍ നോട്ടു നിരോധനം രാജ്യത്ത് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചുവടുപിടിച്ച് തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വലയും കറന്‍സി പിന്‍വലിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നടപടി താത്കാലികമായി മരവിപ്പിക്കുകയാണുണ്ടായത്.
ഇപ്പോള്‍ ഇതാ ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇന്ത്യയുടെ പാത സ്വീകരിച്ചിരിക്കുന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന കള്ളപ്പണം തടയുകയെന്ന ഉദ്ദേശ്യത്തോടു കൂടി 5000 രൂപയുടെ നോട്ടു പിന്‍വലിക്കാനുള്ള പ്രമേയം പാകിസ്ഥാന്റെ സെനറ്റ് പാസാക്കിക്കഴിഞ്ഞു. പാകിസ്ഥാന്‍ മുസ്ലിംലീഗിന്റെ സെനറ്റര്‍ ഉസ്മാന്‍ സെയ്ഫുള്ളാ ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലുള്ള ഭൂരിഭാഗം നിയമവിദഗ്ദരുടെ അംഗീകാരത്തോടെയാണ് പ്രമേയം പാസാക്കിയത്.
5000 രൂപയുടെ നോട്ടു പിന്‍വലിക്കുന്നത്. കൂടുതല്‍ ആളുകള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിനു കാരണമാകുമെന്നും കള്ളപ്പണം കുറയ്ക്കുമെന്നുമാണ് കരുതപ്പെടുന്നത്. 5000 രൂപയുടെ നോട്ടു പിന്‍വലിക്കുന്നത് വിപണിയെ ബാധിക്കുമെന്നും കൂടുതല്‍ ആളുകള്‍ വിദേശ കറന്‍സിയെ ആശ്രയിക്കുന്നതിന് ഇത് ഇടയാക്കുമെന്നും നിയമമന്ത്രി സാഹിദ് ഹമീദ് പറയുന്നു. 3.4 ലക്ഷം കോടി നോട്ടുകളാണ് രാജ്യത്താകെയുള്ളതെന്നും അതില്‍ 1.02ലക്ഷം കോടി നോട്ടുകള്‍ 5000ത്തിന്റെയാണെന്നും ഹമീദ് വ്യക്തമാക്കി. കൂടുതല്‍ ലോകരാജ്യങ്ങള്‍ കള്ളപ്പണം തടയാനായി വലിയ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.