ദുബായ്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിനു പുറമെ ഐസിസിയുടെ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കും ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍ അര്‍ഹനായി. രാഹുല്‍ ദ്രാവിഡിനും (2004) സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും (2010) ശേഷം ഈ ട്രോഫി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 2016ല്‍ 12 ടെസ്റ്റുകളില്‍ നിന്നും 72 വിക്കറ്റുകളാണ് ടെസ്റ്റിലെ ഒന്നാം നന്പര്‍ റാങ്കിംഗിലുള്ള അശ്വിന്‍ വിഴ്ത്തിയത്.
രാഹുല്‍ ദ്രാവിഡ് 2004ലും ഗൗതം ഗംഭീര്‍ 2009ലും നേടിയതനിനു ശേഷം ക്രിക്കറ്റര്‍ ഓഫ് ദി ഇയറാവുന്ന ആദ്യ താരം കൂടിയാണ് ഈ തമിഴ്‌നാട്ടുകാരന്‍. ഈ വര്‍ഷത്തെ ഐസിസി ടെസ്റ്റ് ഇലവനിലും അശ്വിന്‍ അംഗമായി. പരന്പര 40ത്തിന് നഷ്ടമായെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് ഐസിസി ടീമിന്റെ നായകന്‍. ഓസ്‌ട്രേലിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും നാലു താരങ്ങള്‍ ഇടം നേടിയപ്പോള്‍ ഓരോ താരങ്ങള്‍ വീതം ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് ഇടം നേടി.
ഇന്ത്യയുടെ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഐസിസി ഇലവനില്‍ ഉള്‍പ്പെടാത്തതാണ് ആശ്ചര്യമായത്. കോഹ്‌ലിയുടെ ഏറ്റവും മികച്ച എതിരാളികളായ ജോ റൂട്ടും കെയ്ന്‍ വില്യംസണും ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോഹ്‌ലിയെ ഒഴിവാക്കി. ഈ വര്‍ഷം 12 ടെസ്റ്റുകളിലെ 18 ഇന്നിംഗ്‌സുകളില്‍ നിന്നും 75.93 ശരാശരിയില്‍ 1215 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. റൂട്ടിനും വില്യംസണും ഇതിലും ഏറെ കുറവാണ് ശരാശരി. എന്നാല്‍, രാഹുല്‍ ദ്രാവിഡ് , ഗാരി ക്രിസ്റ്റന്‍, കുമാര്‍ സംഗക്കാര എന്നിവരടങ്ങിയ പാനല്‍ വിലയിരുത്തിയത് സെപ്റ്റംബര്‍ 2015 മുതല്‍ സെപ്റ്റംബര്‍ 2016 വരെയുള്ള മത്സരങ്ങളാണ്. ഈ കാലയളവില്‍ കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 42.66 മാത്രമാണ്.
ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാതെ പോയെങ്കിലും ഐസിസിയുടെ ഏകദിന ടീമിന്റെ നായക സ്ഥാനത്തു എം.എസ്. ധോണിയെ പിന്തള്ളി വിരാട് കോഹ്‌ലിയാണ് സ്ഥാനം പിടിച്ചത്. ഇന്ത്യയില്‍ ന്നും കോഹ്‌ലിയെ കൂടാതെ രവിന്ദ്ര ജഡേജയും രോഹിത്ത് ശര്‍മയും ഏകദിന ടീമില്‍ ഇടംനേടി. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക് ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 17 കളികളില്‍ നിന്നും മൂന്നു വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളുമായി 857 റണ്‍സാണ് കോക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിനും ബംന്താദേശ് പേസ് ബൗളര്‍ മുസ്താഫിസൂര്‍ റഹ്മാന്‍ എമേര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരത്തിനും അര്‍ഹരായി.
ഐസിസി ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്)ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ആദം വോഗ്‌സ് (ഓസ്‌ട്രേലിയ), ജോനാഥന്‍ ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), രവിചന്ദ്ര അശ്വിന്‍ (ഇന്ത്യ), റംഗന ഹെറാത്ത്(ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക്ക്(ഓസ്‌ട്രേലിയ), ഡെയ്ല്‍ സ്‌റ്റേയിന്‍ (ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത് ( ഓസ്‌ട്രേലിയ)(പന്ത്രണ്ടാമന്‍)
ഐസിസി ഏകദിന ടീം: വിരാട് കോഹ്‌ലി(ഇന്ത്യ ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍(ഓസ്‌ട്രേലിയ), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), രോഹിത് ശര്‍മ (ഇന്ത്യ), എ.ബി. ഡിവില്യേഴ്‌സ് (ദക്ഷിണാഫ്രിക്ക),ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), മിച്ചല്‍ മാര്‍ഷ് (ഓസ്‌ട്രേലിയ), രവീന്ദ്ര ജഡേജ( ഇന്ത്യ), മിച്ചല്‍ സ്റ്റാര്‍ക്ക് ( ഓസ്‌ട്രേലിയ), കഗിസോ റബാട (ദക്ഷിണാഫ്രിക്ക), സുനില്‍ നരേയ്ന്‍ ( വെസ്റ്റ് ഇന്‍ഡീസ്), ഇമ്രാന്‍ താഹിര്‍ (പന്ത്രണ്ടാമന്‍ ദക്ഷിണാഫ്രിക്ക).
ലോകക്രിക്കറ്റര്‍
ഇതു കഠിനാധ്വാനത്തിന്റെ വിജയം
ഇന്നത്തെ ഫാസ്റ്റ് ക്രിക്കറ്റില്‍ പേരുദോഷങ്ങള്‍ ഏറെ കേട്ട താരമാണ് ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍. ഫീല്‍ഡ് ചെയ്യാനറിയാത്തവന്‍, ക്യാച്ചെടുക്കാന്‍ അറിയാത്തവന്‍ എന്നിങ്ങനെ പഴികള്‍ ഏറെ കേട്ടാണ് ഈ തമിഴ്‌നാട്ടുകാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ പിച്ചവച്ചു തുടങ്ങിയത്. പരിഹാസങ്ങള്‍ക്കും കളിയാക്കലു കള്‍ക്കും നടുവില്‍ നിന്നും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായുള്ള അശ്വിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ കഠിനാധ്വാനത്തിന്റെ വിയപ്പു തുള്ളികള്‍ ഏറെ വീണിട്ടുണ്ട്. തനിക്കെതിരേ കൂരന്പുകള്‍ വന്നപ്പോള്‍ ഒന്നും അശ്വിന്‍ അതിനെതിരേ പ്രതികരിച്ചു കണ്ടില്ല.
വിമര്‍ശനങ്ങളെ നല്ല വാക്കുകളായി കണ്ട് അത് തിരുത്താനുള്ള പ്രയത്‌നത്തിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളിംഗില്‍ ഒന്നാം നന്പര്‍ പട്ടം അടക്കി വാഴുന്ന അശ്വിന്‍. ജാക്വസ് കാലിസിനെ പോലെയോ ഷെയ്ന്‍ വാട്‌സണെ പോലെയോ ഒരു ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എന്നും അന്യമായിരുന്നു. ബാറ്റിംഗില്‍ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ ആവില്ലെങ്കിലും ഇന്ന് ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു വീഴുന്‌പോഴൊക്കെ അതിനെ താങ്ങി നിര്‍ത്തുന്ന ചുമതല അശ്വിാണ്. ബെന്‍ സ്‌റ്റോക്‌സിനെയും രവീന്ദ്ര ജഡേജയെയും പോലെ ബാറ്റിംഗും ബൗളിംഗും ഒരുപോലെ വഴങ്ങുന്ന താരമായിരുന്നില്ല അശ്വിന്‍. ഒരുപരിധി വരെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ന് അശ്വിന്‍ ഐസിസി ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഇവരെയെല്ലാം പിന്തള്ളി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ്.
അശ്വിന്റെ ക്രിക്കറ്റ് കരിയര്‍ ഏറെ പരിവര്‍ത്തനത്തിലൂടെ കടന്നുപോയതാണ്. ബാറ്റിംഗ് മേഖല മാറ്റിനിര്‍ത്തിയാല്‍ മീഡിയം പേസ് ബൗളറായാണ് അശ്വിന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. പിന്നീട് സ്പിന്‍ ബൗളിംഗിലേക്കു കൂടുമാറിയായിരുന്നു. പിന്നീട്, സ്പിന്നറാവാനുള്ള കഠിനപ്രയത്‌നങ്ങളായിരുന്നു.
ഒരു ക്രിക്കറ്റ് തലച്ചോറുമായി ജനിച്ചതു കൊണ്ടാവാം മാറ്റങ്ങളെ അതിവേഗം സ്വായത്തമാക്കാന്‍ അശ്വിനും ഒട്ടും പ്രയാസമുണ്ടായില്ല. എങ്കിലും ശാരീരിക ക്ഷമത അദ്ദേഹത്തിനു എന്നും വിലങ്ങുതടിയായിരുന്നു. എത്രസമയം ജിംനേഷ്യത്തില്‍ ചെലവഴിച്ചാലും മറ്റു താരങ്ങള്‍ക്കൊപ്പം വേഗം തനിക്ക് എത്തിപ്പിടിക്കാനാവില്ലെന്ന് ആദ്യ തിരിച്ചറിഞ്ഞത് അശ്വിന്‍ തന്നെയായിരുന്നു. തുടര്‍ന്ന് അതിനു അദ്ദേഹം പ്രതിവിധി കണ്ടത് സ്വയം വേറിട്ട പരിശീലനത്തില്‍ ഏര്‍പ്പെട്ടായിരുന്നു. വിക്കറ്റിനിടയിയെ ഓട്ടത്തിനു വേണ്ടി മാത്രം പ്രത്യേക പരിശീലകനെ അദ്ദേഹം കണ്ടെത്തി.
ക്രിക്കറ്റില്‍ ഏറെ പ്രാധാന്യമുള്ള ക്യാച്ചിംഗ് മികവ് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സമയം അതിനായി മാറ്റിവച്ചു. ബാറ്റിംഗിലും അദ്ദേഹം തന്റേതായ ശൈലിയില്‍ ഓരോ ദിവസവും മെച്ചപ്പെടുത്തികൊണ്ടിരുന്നു. പരിശീലനത്തില്‍ കൂടുതല്‍ സമയം ഏര്‍പ്പെടുന്നത് അശ്വിന്‍ എന്ന ക്രിക്കറ്ററുടെ പ്രാധാന്യവും കൂടിക്കൊണ്ടിരുന്നു. ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്ന അശ്വിനെ ഒരു വാലറ്റക്കാരനായി ആര്‍ക്കും വിലക്കുറച്ചു കാണാനാവില്ല.
ഷോട്ടുകളിലും ബാറ്റിംഗ് ശൈലിയിലും തികവുറ്റ ഒരു ക്ലാസ് ബാറ്റ്‌സ്മാന്റെ എല്ലാ കഴിവുകളും അശ്വിന്‍ നേടിയെന്നത് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍തന്നെ തെളിവ്. കൃത്യമായ സ്ഥലങ്ങളില്‍ ഓരോ ബോളും പ്ലെയ്‌സ് ചെയ്യാനും ഓരോ ബോളിലും എങ്ങനെ ബാറ്റ്‌സ്മാനെ കുരുക്കിലാക്കാമെന്നുമുള്ള കണക്കുകൂട്ടലില്‍ പന്തെറിയാനും അശ്വിനു സാധിക്കുന്നു.നാട്ടില്‍ മാത്രമല്ല ഇന്ത്യ പുലികളെന്ന് മനസിലാക്കിക്കൊടുക്കാന്‍ അശ്വിന്റെ ഈ നേട്ടം കാരണമാകു മെങ്കില്‍ നന്ന്.