തങ്കഅങ്കി ഘോഷയാത്രയ്ക്കു വരവേല്പ്

sabarimala1ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്കു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്രയ്ക്കു വിവിധ ക്ഷേത്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഭക്തിനിര്‍ഭരമായ വരവേല്പ് നല്‍കി. പ്രത്യേക തയാറാക്കിയ രഥത്തില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി ദര്‍ശിക്കാന്‍ വന്‍ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിലും ഘോഷയാത്ര കടന്നുപോയ വീഥികള്‍ക്കിരുവശവും കാണപ്പെട്ടത്.

മൂര്‍ത്തിട്ട ഗണപതിക്ഷേത്രം, പുന്നംതോട്ടം ദേവീക്ഷേത്രം, ചവുട്ടുകുളം മഹാദേവക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീക്ഷേത്രം, നെടുമ്പ്രയാര്‍ തേവലശേരി ദേവിക്ഷേത്രം, നെടുമ്പ്രയാര്‍ ജംഗ്ഷന്‍, കോഴഞ്ചേരി ടൗണ്‍, പാമ്പാടിമണ്‍, കാരംവേലി, ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവിക്ഷേത്രം, ഇലന്തൂര്‍ ഗണപതിക്ഷേത്രം, ഇലന്തൂര്‍ നാരായണമംഗലം, അയത്തില്‍ മലനട ജംഗ്ഷന്‍, അയത്തില്‍ കുടുംബയോഗ മന്ദിരം, അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്‍, മെഴുവേലി ആനന്ദഭൂതേശ്വരം, ഇലവുംതിട്ട ദേവീക്ഷേത്രം, ഇലവുംതിട്ട മലനട, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം, കൈതവന ദേവീക്ഷേത്രം, പ്രക്കാനം ഇടനാട് ഭഗവതിക്ഷേത്രം, ചീക്കനാല്‍, ഊപ്പമണ്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തങ്കഅങ്കിയ്ക്ക് സ്വീകരണം നല്‍കി.

ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ രാത്രിയോടെ തങ്കഅങ്കി ഘോഷയാത്ര എത്തിയപ്പോള്‍ വന്‍ജനാവലിയാണ് സ്വീകരിക്കാനെത്തിയിരുന്നത്. ഇന്നു രാവിലെ ഓമല്ലൂരില്‍ നിന്നുള്ള യാത്രയ്ക്കിടെ കൊടുന്തറ, പത്തനംതിട്ട, കുമ്പഴ, കോന്നി എന്നിവിടങ്ങളില്‍ ഘോഷയാത്രയ്ക്കു വരവേല്‍പ് നല്‍കും. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലാണ് വിശ്രമം. നാളെ മലയാലപ്പുഴയില്‍ സ്വീകരണം നല്‍കും. റാന്നി, വടശേരിക്കര വഴി യാത്ര ളാഹയിലെത്തും. 25ന് ഘോഷയാത്ര പമ്പയിലെത്തും.

Related posts