സഹപാഠിക്ക് സ്‌നേഹവീടൊരുക്കി നൈപുണ്യ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും

KTM-SAHAPADI-HOUSEചേര്‍ത്തല: സഹപാഠിക്കു സ്വപ്നഭവനം സമ്മാനിക്കാനായതിന്റെ ധന്യതയിലാണ് ചേര്‍ത്തല നൈപുണ്യ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും. പ്രിന്‍സിപ്പല്‍ ഫാ. പോള്‍ കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തില്‍ ധനശേഖരണമെന്ന ദൗത്യം സ്വമേധയാ സ്വീകരിച്ച് നൈപുണ്യ കുടുംബാംഗങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ തങ്ങളാല്‍ കഴിയുംവിധം ചെറുതും വലുതുമായ സഹായങ്ങളുമായി സമൂഹമൊന്നാകെ പിന്തുണയുമായെത്തി. അതോടെ കാരുണ്യ ഭവന പദ്ധതിയെന്ന മാനേജ്‌മെന്റിന്റെ സ്വപ്നം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൊണ്ട് യാഥാര്‍ഥ്യമായി

കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനു എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വീടിന്റെ കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. മൂന്നുമാസം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞദിവസം നടന്നു. ഭവനത്തിന്റെ ആശീര്‍വാദം എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. എ.എം. ആരിഫ് എംഎല്‍എ, ഫാ. സിബി പുത്തന്‍പറമ്പില്‍, വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇനിയും കാരുണ്യഭവനങ്ങള്‍ നിര്‍മിച്ചു നല്കാനുള്ള പദ്ധതിയിലാണ് നൈപുണ്യ.

Related posts