കോഴിക്കോട്: സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുടങ്ങാന്‍ സപ്ലൈകോയോട് ആവശ്യപ്പെട്ടതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. ക്രിസ്മസ് ഫെയറിനോടനുബന്ധിച്ച് സപ്ലൈകോ കോഴിക്കോട് റീജന്‍ കോവൂര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തുടങ്ങിയ സംസ്ഥാനത്തെ രണ്ടാമത്തെ അരിക്കട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അരി വില കുറയ്ക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് അരിക്ക് വില കൂടിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളായതോടെ അരിവരവ് കുറഞ്ഞതാണ് ഒരു കാരണം. അരി ലഭ്യമാക്കാതെ പൂഴ്ത്തിവച്ച് വില കൂട്ടാനുള്ള ഏജന്റുമാരുടെ കള്ളക്കളിയും ഇതിനു പിന്നിലുണ്ട്. ഓണസമയത്ത് ഏജന്റുമാര്‍ ഇതിന് ശ്രമിച്ചെങ്കിലും ലക്ഷ്യം നടന്നില്ല.
റേഷന്‍ വിതരണത്തിലെ പാകപ്പിഴകളാണ് അരിവില കൂടാന്‍ മറ്റൊരു കാരണം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ ആറു മാസം സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം സാവകാശം തന്നില്ല. മുന്‍ഗണന, മുന്‍ഗണനേതര കരടുപട്ടിക പ്രകാരം അരി വിതരണം ചെയ്യാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കരടുപട്ടിക പ്രകാരം അരി വിതരണം ചെയ്യുമ്പോള്‍തന്നെ അര്‍ഹതയില്ലാത്തവര്‍ സ്വയം തീരുമാനമെടുത്ത് അരി വാങ്ങാതിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതിലൂടെ അര്‍ഹതയുള്ള കൂടുതല്‍ പേര്‍ക്ക് അരി നല്‍കാനാവും. കരടുപട്ടികയെച്ചൊല്ലി 16 ലക്ഷത്തോളം പരാതികള്‍ ലഭിച്ചു. അതില്‍ 85 ശതമാനം പരാതികളും സര്‍ക്കാര്‍ സ്വീകരിച്ചു. കുറ്റമറ്റ പട്ടിക തയാറാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. ഇതൊരു തുടര്‍പ്രക്രിയയാണ്. ഏപ്രില്‍ ഒന്നോടെ കേരളത്തില്‍ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കും. ഇതോടെ തുടക്കം മുതല്‍ ഒടുക്കം വരെ കംപ്യൂട്ടറൈസേഷന്‍ വരും. എല്ലാം സുതാര്യമാവും. ഇതോടെ ഒരു ക്രമക്കേടും നടത്താന്‍ റേഷന്‍ കടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എം. പത്മാവതി അധ്യക്ഷത വഹിച്ചു. സപ്ലൈകോ കോഴിക്കോട് റീജന്‍ അസി. റീജനല്‍ മാനേജര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. രവീന്ദ്രന്‍, പി. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.