ഒരു വെടിയ്ക്ക് രണ്ട് ഹണിബീ ! ഒരു സെറ്റില്‍ നിന്ന് രണ്ട് സിനിമ; സംവിധായകര്‍ അച്ഛനും മകനും!

jrtutrur

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങി മലയാള പ്രേക്ഷകരുടെ മനസില്‍ കുടിയേറിയ സിനിമയാണ് റാംജിറാവു സ്പീക്കിംഗ്. ആ സിനിമ ചിത്രീകരിച്ച ആലപ്പുഴയിലെ വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്കുശേഷം കയറിച്ചെന്നപ്പോളാണ് ലാലിന് പുതിയൊരാശയം മനസില്‍ രൂപംകൊണ്ടത്. അത് കിട്ടിയതാകട്ടെ ലാലിനെ കാണാനായി അവിടെ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ നിന്ന്.

സംവിധാനത്തിന്റെ തിരക്കില്‍ അലിഞ്ഞുപോയ ലാല്‍ അന്നറിയാതിരുന്ന പല കാര്യങ്ങളും നാട്ടുകാരില്‍ പലരും ലാലുമായി പങ്കുവച്ചു. കഥകളെ അന്വേഷിച്ച് നടക്കുന്ന ലാലിന്റെ മനസ് അവരില്‍ ഒരാള്‍ പറഞ്ഞ കഥ സ്വീകരിക്കുകയായിരുന്നു. അങ്ങനെ ലാലിന് മനസിലായി പഴയകാല ഓര്‍മകളില്‍പ്പോലും സിനിമയ്ക്കുള്ള കഥയുണ്ടെന്ന്, സിനിമാ ലൊക്കേഷനുകളിലെ അണിയറകളിലാണ് യഥാര്‍ത്ഥ കഥ നടക്കുന്നതെന്ന്.

അങ്ങനെ ലാല്‍ ഉദ്ദേശിച്ച രീതിയില്‍ കഥ റെഡിയായി. എന്നാല്‍ പിന്നീടാണ് ചിത്രീകരണത്തിന്റെ തടസങ്ങളെക്കുറിച്ച് ചിന്തിച്ചത്. കാരണം താരങ്ങളെ സ്വന്തം പേരില്‍ അഭിനയിപ്പിക്കുക എന്നത് വലിയ പ്രയാസമാണ്. താരങ്ങള്‍ നിറഞ്ഞ മറ്റൊരു സിനിമാ ചിത്രീകരണത്തോട് ചേര്‍ന്ന് മാത്രമേ തന്റെ മനസിലെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കു എന്ന് ലാല്‍ തിരിച്ചറിഞ്ഞു. പിന്നീട് കാത്തിരിപ്പായിരുന്നു.

ആസിഫലി, ഭാവന, ശ്രീനിവാസന്‍, ബാബുരാജു എന്നിങ്ങനെ വലിയൊരു താരനിര ഉള്‍പ്പെടുന്ന ഹണിബീ 2 സംവിധാനം ചെയ്യാന്‍ മകന്‍ ജീന്‍ പോള്‍ ലാല്‍ തയാറെടുക്കുന്ന സമയത്താണ് ലാല്‍ തന്റെ മനസിലെ സിനിമ കൂടി അതിനോടൊപ്പം സംവിധാനം ചെയ്യാം എന്ന് തീരുമാനിച്ചത്. അങ്ങനെ ഹണിബീ 2 വിന്റെ സെറ്റില്‍ തന്നെ ഹണിബി ടു പോയിന്റ് ഫൈവ് എന്ന് പേരിട്ടിരിക്കുന്ന തന്റെ സിനിമ ചിത്രീകരിക്കാന്‍ ലാല്‍ തീരുമാനിക്കുകയായിരുന്നു.

അഭിനയമോഹവുമായി സെറ്റിലേക്കെത്തുന്ന ഒരു പുതുമുഖത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണ് ഹണിബി ടു പോയിന്റ് ഫൈവ്. സിനിമാ ചിത്രീകരണത്തിന്റെ പിന്നണിയില്‍ നടക്കുന്ന കഥയായതിനാല്‍ പശ്ചാത്തലം മൊത്തമായി സിനിമാചിത്രീകരണമാണ്. അതുകൊണ്ടാണ് ഇത് യഥാര്‍ത്ഥ സിനിമാചിത്രീകരണത്തിന്റെ ഒപ്പം കൊണ്ടുപോകുന്നത്.

ഇതിലൂടെ ഒരുസെറ്റില്‍ തന്നെ രണ്ട് സംവിധായകര്‍, രണ്ട് കാമറാമാന്മാര്‍ തുടങ്ങി രണ്ട് യൂണിറ്റ് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ഒരു സിനിമയ്ക്ക് സമാന്തരമായി മറ്റൊരു സിനിമയും പുരോഗമിക്കുന്നു.

ഹണിബി സീരിസില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഹണിബി ടു പോയിന്റ് ഫൈവില്‍ ചര്‍ച്ച ചെയ്യുന്നത്. ആസിഫലിയുടെ സഹോദരന്‍ അസ്‌ക്കര്‍ അലിയാണ് ഹണിബി ടു പോയിന്റ് ഫൈവിലെ നായക കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ആസിഫലിയെയും ഭാവനയെയും ശ്രീനിവാസനെയും ബാബുരാജിനെയും താരങ്ങളായിത്തന്നെ ഹണിബി ടു പോയിന്റ് ഫൈവില്‍ കാണാം.

Related posts