അതിനൂതന സാങ്കേതിക സംവിധാനങ്ങളുമായി നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കാബ്ര കൊല്ലത്ത്

TVM-KAPPALകൊല്ലം: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ ഐഎന്‍ എസ് കാബ്ര കൊല്ലം തുറമുഖത്തെത്തി. നാവികദിനാഘോഷങ്ങളോട് അനുബന്ധിച്ച് ജനങ്ങളില്‍ നാവികസേനയെ സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു യുദ്ധക്കപ്പലിന്റെ സന്ദര്‍ശനം. അതിവേഗ യുദ്ധകപ്പലായ ഐ എന്‍ എസ് കാബ്രയില്‍ പ്രൊപ്പല്ലറിന് പകരം വാട്ടര്‍ ജറ്റുകളാണ് ഉപയോഗിക്കുന്നത്. കപ്പലിന്റെ മുന്നില്‍ നിന്നും വെള്ളം വാട്ടര്‍ ജറ്റിലൂടെ അതിശക്തിയായി പമ്പ് ചെയ്ത് പിന്‍തള്ളിയാണ് കപ്പല്‍ ചലിക്കുന്നത്. തീരദേശ പ്രതിരോധവും ദ്വീപുകളുടെ സംരക്ഷണവുമാണ് കപ്പലിന്റെ പ്രധാന ദൗത്യമെന്ന് കമാണ്ടര്‍ ധര്‍മേന്ദ്ര സിങ് ബരേത് പറഞ്ഞു.

അതിനൂതന സാങ്കേതിക സംവിധാനങ്ങളാണ് കപ്പലില്‍ ഒരുക്കിയിട്ടുള്ളത്. റഡാര്‍, ലൈറ്റ്-ഹെവി മെഷീന്‍ ഗണ്ണുകള്‍, ലൈഫ് ബോട്ടുകള്‍ തുടങ്ങി യുദ്ധത്തിന് സജ്ജമായാണ് കാബ്ര നില്‍ക്കുന്നത്. നാലു മുതല്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തുവരെ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുന്ന വിമാനവേധ യന്ത്രതോക്കുകള്‍ ഉള്‍പ്പെടെയുള്ളവ കാബ്രയുടെ പ്രത്യേകതയാണ്. കല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ്പിയാര്‍ഡില്‍ നിന്നും 2011 ലാണ് ഐഎന്‍എസ് കാബ്ര കമ്മീഷന്‍ ചെയ്തത്.

ഇത്തരത്തില്‍ ഇന്ത്യന്‍ നാവിക സേനക്ക് 12 ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകള്‍ ഉണ്ട്. ഇന്നലെ പുലര്‍ച്ചെ എത്തിയ കപ്പല്‍ കാണാന്‍ഏഴുമുതല്‍ തന്നെ നല്ല തിരക്കായിരുന്നു.ആയിരത്തില്‍ അധികം ആളുകള്‍ കപ്പല്‍ കാണാന്‍ എത്തിയിരുന്നു. നാല് ഓഫീസര്‍മാര്‍, 45 ക്രൂ എന്നിവരടങ്ങുന്നതാണ് കപ്പലിലെ സൈനിക സംഘം. അടുത്തയാഴ്ച വിഴിഞ്ഞം തുറമുഖത്തും ഐഎന്‍എസ് കാബ്ര എത്തും.

Related posts