പാലോട്: ചെല്ലഞ്ചി പാലത്തിന്റെ നിര്‍മാണത്തിന് വസ്തു വിട്ടുകൊടുത്ത നാല്‍പ്പത്തി രണ്ട് കുടുംമ്പങ്ങള്‍ നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാകുന്നു. കിടപ്പാടം പോലും നഷ്ടമായവര്‍ കൂട്ടത്തിലുണ്ട്. സ്വന്തം വസ്തു വിട്ടുകൊടുത്തിട്ട് തങ്ങള്‍ അനാഥരെപ്പോലെ അലയുന്നത് എന്തിനെന്ന ചേദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല.
2009ലാണ് മൂന്നു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെല്ലഞ്ചിപാലത്തിന് നാട്ടുകാരായ 42 പേര് വസ്തു വിട്ടു നല്‍കിയത്. അന്ന് മുതലിങ്ങോട്ട് ആറു തവണ ഇവര്‍ വിട്ടുനല്‍കിയ വസ്തു അളന്നു. ഓരോതവണയും ഉടന്‍ നഷ്ടപരിഹാരം ലഭിക്കും എന്ന അറിയിപ്പും വരും.
2010ല്‍ പാലത്തിന് തറക്കല്ലിട്ടു. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകും എന്നുപറഞ്ഞപാലം ആറു വര്‍ഷം കഴിഞ്ഞിട്ടും ഏങ്ങുമെത്തിയില്ല. 13കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. പാലം പൂര്‍ത്തിയായാല്‍ നന്ദിയോട്, കല്ലറ, പുല്ലംമ്പാറ, പാങ്ങോട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനാകും. ഇതോടെ മലയോര മേഖലയിലെ യാത്ര ഏറ്റവും എളുപ്പമുള്ളതായി മാറിയേനെ.കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വോട്ട് ബഹിഷ്ക്കരിക്കും എന്ന ചെല്ലഞ്ചിക്കാരുടെ ഉറച്ച തീരുമാനം വന്നപ്പോള്‍ രാഷ്ര്ടീയക്കാരെല്ലാം ഓടിയെത്തി.
തെരഞ്ഞെടുപ്പുകഴിഞ്ഞിട്ടും ഒന്നും നടന്നില്ല. നടന്നത് വീണ്ടു രണ്ടുവട്ടം കൂടി ഭൂമി അളക്കല്‍ മാത്രം. കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എ കാറ്റഗറിയില്‍പ്പെടുന്ന വസ്തുവിന് 60,985 രുപയും ബി കാറ്റഗറിയില്‍ പെടുന്ന വസ്തുവിന് 54,863 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം ഭൂമി വിട്ടു നല്‍കിയവരില്‍നിന്നും പ്രമാണം, മുന്‍ ആധാരം, 30 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം കളക്ടറേറ്റില്‍ വാങ്ങിവച്ചു.
ഒരുമാസത്തിനുള്ളില്‍ തുകനല്‍കും എന്ന ഉറപ്പിലാണ് അന്ന് പ്രമാണം വാങ്ങിവച്ചത്. എന്നാല്‍ വര്‍ഷം രണ്ടുകഴിഞ്ഞു. പ്രമാണം കളക്ടറേറ്റില്‍ കുടുങ്ങിയതോടെ പെണ്‍കുട്ടികളുടെ വിവാഹം, പഠനം എന്നിവ മുടങ്ങിയ കുടുംബങ്ങളുമുണ്ട്. വാമനപുരും ആറിനു കുറുകെയാണ് ചെല്ലഞ്ചിയില്‍ പാലം പണിയുന്നത്. ഇതേ ആറില്‍ പൊന്നാം ചൂണ്ടില്‍ പണിയുന്ന പുതിയ പാലത്തിന് വസ്തു വിട്ടുനല്‍കിയ കുടുമ്പങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളിലാണ് നഷ്ടപരിഹാരത്തുക ലഭ്യമായത്.