വടക്കഞ്ചേരി : കടപ്പാറയില്‍ ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാന്‍ മന്ത്രി സഭ ഇടപെട പെടണമെന്നും ഡി എഫ് ഒ യുടെ തെറ്റായ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് കെ ഡി പ്രസേനന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ആദിവാസികള്‍ നെന്മാറ ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കടപ്പാറയിലെ സമര കേന്ദ്രം സന്ദര്‍ശിക്കവെയാണ് എം എല്‍ എ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് സ്വന്തമായി ഭൂമി ആവശ്യപ്പെട്ട് ആദിവാസികള്‍ സമരം ആരംഭിച്ചത്.
തുടര്‍ന്ന് മുന്‍ എംഎല്‍എ എം ചന്ദ്രന് ഇടപ്പെട്ട് 22 പേര്‍ക്കായി 60 സെന്റ് ഭൂമി അനുവദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവെടുപ്പ് നടത്തുകയും റവന്യൂ, ഫോറസ്റ്റ്, പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ ചേര്‍ന്ന് സര്‍വ്വേ നടത്തി സ്ഥലം കണ്ടെത്തി ജണ്ട കെട്ടല്‍ നടപടി ഉള്‍പ്പടെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അന്ന് ഡി എഫ് ഒ ആയിരുന്ന രാജീവന് ആദിവാസികള്‍ക്ക് ഭൂമി നല്‍കേണ്ടതില്ലെന്ന റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടപടികള്‍ താത്ക്കാലികമായി നിര്‍ത്തി വെക്കുകയുമായിരുന്നു.
ഇതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ സമരം ശക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച കെ ഡി പ്രസേനന്‍ എം എല്‍ എ സമരകേന്ദ്രം സന്ദര്‍ശിച്ചത്. ന്യായം ആദിവാസികളുടെ പക്ഷത്താണെന്നും മുന്‍ ഡി എഫ് ഒ ഭൂമി നല്കാതിരിക്കാന് മനപൂര്‍വ്വം ശ്രമിച്ചുവെന്നും ഇതിന്റെ ഭാഗമായാണ് വിവിധ രേഖകള്‍ ആവശ്യപ്പെട്ടതെന്നും ഇതെല്ലാം നല്‍കിയിട്ടും ഭൂമി നല്കാന് തയ്യാറാവാത്തത് തെറ്റാണെന്നും അതിനാല്‍ സമരത്തോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം എല്ലാവ രോടുമായി പറഞ്ഞു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ ദാസ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ്, ബിന്ദു സതീഷ്, സി പി ഐ എം ലോക്കല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്, പി വി കൃഷ്ണന്, ഊര് മൂപ്പന് വേലായുധന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.