പാനൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. കല്ലിക്കണ്ടിയിലെ സൗപര്‍ണികയില്‍ ശ്യാംജിത്തിന്റെ ഭാര്യ ദീപാ ആചാരിക്കാണ് പണം നഷ്ടമായത്. ഷൈന്‍ ഡോട്ട് കോം, ജോബ്സ് എക്സ്പ്രസ് എന്നീ സൈറ്റുകള്‍ വഴി പണം തട്ടിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് ഉപഭോക്തൃ കോടതിയിലും കൊളവല്ലൂര്‍ പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് ദീപ.ബിഎസ്സി ഫിസിക്സ് ബിരുദധാരിയായ ദീപ ജോലിക്കുള്ള അവസരം തേടിയാണ് സൈറ്റില്‍ സേര്‍ച്ച് ചെയ്തത്.
എയര്‍ പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ ഒഴിവ് കണ്ടതിനെ തുടര്‍ന്ന് മെയില്‍ വഴി ബന്ധപെട്ടപ്പോള്‍ നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.രജിസ്ട്രേഷന് ഫീസായി 1,650 രൂപ അവര്‍ ആവശ്യപെട്ട പ്രകാരം പേടിഎം മൊബൈല്‍ ആപ്പ് വഴി അയക്കുകയും ചെയ്തു. മൂന്നു ഘട്ടങ്ങളിലായി ഇന്റര്‍വ്യു നടക്കുമെന്ന് വിശ്വസിപ്പിച്ച സംഘം രണ്ടാം തവണ 5,700 രൂപ ആവശ്യപ്പെടുകയായിരുന്നു. ജോലി ലഭിച്ചാല്‍ ഈ തുക തിരിച്ചു നല്‍കുമെന്നും സൈറ്റ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
മൂന്നാംഗഡുവായി 14,900 രൂപ ആവശ്യപ്പെട്ടതോടെയാണ് ഇത് തട്ടിപ്പാണെന്ന് ദീപക്ക് ബോധ്യമായത്. പോലീസ് വെരിഫിക്കേഷന് ഉള്‍പ്പെടെയുള്ള അന്വേഷണത്തിനാണ് ഈ തുകയെന്നാണ് പറഞ്ഞിരുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സൈറ്റില്‍ ഇത്തരം ജോലി ഒഴിവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ദീപ പരാതിയുമായി പോലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ നിരവധി പേര് ഈ സൈറ്റ് വഴി തട്ടിപ്പിനിരയായതായി കണ്ടെത്താന്‍ കഴിഞ്ഞു.